ബഹ്‌റൈൻ-ഇസ്രായേൽ സമാധാന നീക്കത്തെ യു എ ഇ സ്വാഗതം ചെയ്തു

UAE

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള ഈ നീക്കം പശ്ചിമേഷ്യന്‍ മേഖലയിലും, അന്താരാഷ്ട്ര തലത്തിലും സമാധാന അന്തരീക്ഷത്തെ ദൃഢമാക്കുന്നതിനു സഹായകമാകുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ പ്രത്യാശ പ്രകടിപ്പിച്ചു. സെപ്റ്റംബർ 11, വെള്ളിയാഴ്ച്ചയാണ് യു എ ഇ ഈ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്.

പശ്ചിമേഷ്യന്‍ മേഖലയെ സുരക്ഷ, സമൃദ്ധി എന്നിവയുടെ കാലഘട്ടത്തിലേക്ക് നയിക്കാൻ സഹായകമാകുന്ന പ്രബലമായ തീരുമാനമാണിതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഈ മേഖലയിലെ വാണിജ്യ, സാങ്കേതിക, സാംസ്‌കാരിക, നയതന്ത്ര രംഗങ്ങളിലെ യോജിച്ച പ്രവർത്തനങ്ങളിലേക്ക് ഈ തീരുമാനം വഴിതെളിക്കുമെന്നും യു എ ഇ ചൂണ്ടിക്കാട്ടി.

ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനും തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 11-നു അറിയിച്ചിരുന്നു. ബഹ്‌റൈൻ രാജാവ് H.H. ഹമദ് ബിൻ ഇസ അൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ സംയുക്തമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്രയേലുമായി സമാധാനകരാറിലേർപ്പെടാൻ യു എ ഇ നേരത്തെ തീരുമാനിച്ചിരുന്നു.