ബഹ്‌റൈൻ – ഇസ്രായേൽ നയതന്ത്ര ബന്ധത്തിനു വഴി തെളിയുന്നു

GCC News

ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനും തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 11-നു അറിയിച്ചു. ബഹ്‌റൈൻ രാജാവ് H.H. ഹമദ് ബിൻ ഇസ അൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ സംയുക്തമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങളിൽ യു എ ഇയ്ക്ക് ശേഷം ഇസ്രയേലുമായി സമാധാനകരാറിലേർപ്പെടാൻ സന്നദ്ധമാകുന്ന രാജ്യമാണ് ബഹ്‌റൈൻ.

ഇത്തരം ഒരു കരാറിലേർപ്പെടാനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഒരു സംയുക്ത പ്രസ്താവനയും മൂന്ന് രാജ്യങ്ങളിലെ നേതാക്കന്മാർ പുറത്തിറക്കുകയുണ്ടായി. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ സമാധാനം ഊട്ടിയുറപ്പിക്കുന്നതിനു സഹായകമാകുന്ന ചരിത്രപരമായ മുന്നേറ്റം എന്നാണ് മൂന്ന് രാജ്യങ്ങളും ഈ നീക്കത്തെ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യന്‍ മേഖലയിൽ അഭിവൃദ്ധി, സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാകുന്നതോടെ സാധ്യമാകുമെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നു.

സെപ്റ്റംബർ 15-ന് വൈറ്റ് ഹൌസിൽ നടക്കുന്ന, യു എ ഇ – ഇസ്രായേൽ കരാർ ഒപ്പ് വെക്കുന്ന ചടങ്ങിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ബഹ്‌റൈൻ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനുള്ള ചരിത്രപരമായ ചുവടെന്നാണ് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌തുകൊണ്ട് വിശേഷിപ്പിച്ചത്.