ലോക പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി

Ezhuthupura

ജൂൺ 5. ലോക പരിസ്ഥിതി ദിനം – മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തെക്കുറിച്ച്, 1972 ജൂൺ 5-ന് സ്വീഡനിലെ സ്റ്റോക്ഹോമിൽ ഐക്യ രാഷ്ട്ര സംഘടനയുടെ അസംബ്ലിയിൽ, രാഷ്ട്ര തലവന്മാർക്കായി നടത്തിയ സമ്മേളനത്തിൽ വെച്ചാണ് പ്രകൃതിയെക്കുറിച്ച് ഉത്തരവാദിത്വത്തോടെ ചിന്തിക്കുന്നതിനായി ഒരു ദിനം എന്ന ആശയം രൂപീകൃതമായത്.1973 ജൂൺ 5-നു ആദ്യ ലോകപരിസ്ഥിതി ദിനത്തിനു തുടക്കം കുറിച്ചു.

2020-ൽ നാം എത്തിനിൽക്കുമ്പോൾ ഇപ്രകാരമൊരു ദിനത്തിന്റെ പ്രാധാന്യം എത്രമാത്രമാണ് എന്ന് നാം ചർച്ച ചെയ്യേണ്ട സ്ഥിതിയായിരിക്കുന്നു. പരിസ്ഥിതി എന്നതിലൂടെ ഉദ്ദേശിക്കുന്നത് നാം ജീവിക്കുന്ന ചുറ്റുപാടാണ്. അതിൽ വായുവും, വെള്ളവും, എല്ലാം ഉൾപ്പെടുന്നു. എന്നാൽ ആ വായുവിലും, വെള്ളത്തിലും, നമ്മുടെയും മറ്റു ജീവജാലങ്ങളുടെയും ഭക്ഷണത്തിലും ഇന്ന് പല തരത്തിലും നമ്മുടെ ഇടപെടലുകൾ മാലിന്യം നിറച്ച് കൊണ്ടിരിക്കുകയാണ്.

വായു മലിനീകരണം

ഈ ഇടപെടലുകളുടെ രൂക്ഷമായ പ്രതിഫലനം ദർശിക്കാവുന്ന ഒന്നാണ് വായു മലിനീകരണം. ശുദ്ധമായ വായു കിട്ടാക്കനിയായി മാറി കൊണ്ടിരിക്കുന്നു. ഫാക്ടറികളിൽ നിന്ന് പുറം തള്ളുന്ന വിഷപ്പുകയും, വാഹനങ്ങളിൽ നിന്ന് പുറത്തു വിടുന്ന കാർബണും ഇന്ന് അന്തരീക്ഷത്തെ തുടർച്ചയായി മലീമസമാക്കുന്നു. ഏതാനം മാസങ്ങൾക്ക് മുൻപ്, നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ, അന്തരീക്ഷത്തിലെ ഓക്സിജൻന്റെ അളവിൽ കുറവ് അനുഭവപ്പെട്ടത് മൂലം അവധി നൽകേണ്ടിവന്നു എന്നത് ഇതിന്റെ രൂക്ഷത വെളിവാക്കുന്ന ഒരു ഉദാഹരണം മാത്രം.

പ്രകൃതി നമുക്കായി കനിഞ്ഞു നൽകുന്ന ജീവശ്വാസത്തിൽ വിഷം തുപ്പിയ ശേഷം മനുഷ്യൻ, ശ്വാസവായുവിനായി മിനിട്ടിനു പണം നൽകികൊണ്ട് ഓക്സിജൻ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരുന്നത് നമ്മുടെ വികസനം എങ്ങോട്ട് എന്ന് ജനങ്ങളെ ചിന്തിപ്പിക്കാൻ ഇനിയെങ്കിലും പ്രാപ്തരാകട്ടെ. അന്തരീക്ഷ കാർബണിന്റെ അളവ് കുറച്ച് കൊണ്ടുവരുന്നതിന് വിവിധ ഉടമ്പടികളും, കരാറുകളും മനുഷ്യകുലം തയ്യാറാക്കിയെങ്കിലും, ദിനം പ്രതി അതിവേഗം ഈ മലിനീകരണ തോത് കൂടുകയാണ് കഴിഞ്ഞ 3 ദശാബ്ദത്തിനിടയിലുണ്ടായത് എന്ന സത്യം ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ്. ദിനം പ്രതി നമ്മുടെ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് ഉയർന്നുകൊണ്ടിരിക്കുന്നു; 450 bpm എന്ന പരമാവധി അളവിലേക്ക് മലിനീകരണം ഉയർന്ന് കൊണ്ടിരിക്കുന്നു.

ലോകത്തെ ഏറ്റവും ഉയർന്ന മലിനീകരണ നിരക്കുകളുള്ള 10 നഗരങ്ങളിൽ 6.എണ്ണം ഇന്ത്യയിൽ ആണ്. ഇന്ന് COVID-19 പശ്ചാത്തലത്തിൽ നാം 3 മാസത്തോളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി പ്രകൃതിയിലെ മനുഷ്യ ഇടപെടലുകളിൽ കുറവ് (വാഹനങ്ങളും ,ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ,കച്ചവട സ്ഥാപനങ്ങളും നിശ്ചലമായപ്പോൾ) സംഭവിച്ചതോടെ ഹിമാലയൻ മലനിരകൾ പല നഗരങ്ങളിൽ നിന്നും തെളിമയോടെ കാണാൻ കഴിഞ്ഞു എന്ന വാർത്തകൾ ഒരു സൂചനയാണ്; ‘അന്തരീക്ഷ മലിനീകരണം നടത്തുന്ന ജീവി‘ എന്ന സ്ഥാനം നമ്മൾ മനുഷ്യർക്ക് മാത്രമാണെന്നതിന്റെ സൂചന. ലോക്ക് ഡൌൺ കാലാവധിയിൽ അന്തരീക്ഷ മലിനീകരണം വളരെ കുറഞ്ഞു എന്നത്, നമ്മൾ മനസ്സുവെച്ചാൽ മലിനീകരണം കുറക്കാൻ കഴിയും എന്നതിന്റെയും സൂചനയാണ്. “നമ്മുടെ ആവശ്യങ്ങൾക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട്; എന്നാൽ നമ്മുടെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താൻ പ്രകൃതിക്കു കഴിയില്ല” എന്ന ഗാന്ധി വചനങ്ങൾ ഓരോ വർഷവും നാം പരിസ്ഥിതി ദിനത്തിൽ ആഘോഷപൂർവം നടുന്ന മരങ്ങൾ പോലെ എങ്ങുമെത്താതെ തുടരുന്നു.

ജല മലിനീകരണം

അടുത്ത് വരാനിരിക്കുന്ന മഹാ യുദ്ധങ്ങൾ വെള്ളത്തിന് വേണ്ടിയാകും എന്ന് പറയപ്പെടുന്നു. ഇന്ന് അത്രയധികം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുന്ന – ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം കിട്ടാക്കനിയായി മാറിക്കഴിഞ്ഞ – ഒന്നാണ് ശുദ്ധമായ കുടിവെള്ളം.”അപ്പൂപ്പൻ ആറ്റിൽ കണ്ടു, അച്ഛൻ കിണറ്റിൽ കണ്ടു, ഞാൻ പൈപ്പിൽ കണ്ടു, മകൻ കുപ്പിയിൽ കണ്ടു, ഇനി ചെറുമക്കൾ എവിടെയാണാവോ വെള്ളത്തെ കാണുക?””.

COVID-19-ന്റെ പശ്ചാത്തലത്തിൽ മനുഷ്യ ഇടപെടലുകൾ കുറഞ്ഞതോടെ ലോകത്തുള്ള മിക്കവാറും എല്ലാ നദികളും വളരെ തെളിനീരോടെയാണ് ഒഴുകുന്നത്. 34 വർഷമായി ഗംഗാ നദി ശുദ്ധീകരിക്കാൻ ഉണ്ടാക്കിയ ഗംഗാ ആക്ഷൻ പ്ലാനിങ് ബോർഡിന് കഴിയാത്തതാണു, ഏതാനം ദിവസങ്ങൾ കൊണ്ട് ലോക്ക് ഡൗണിന്റെ ഭാഗമായി നഗരവും വ്യവസായ സ്ഥാപനങ്ങളും, ഫാക്ടറികളും അടഞ്ഞു കിടന്നപ്പോൾ ഗംഗയ്ക്ക് തിരികെ ലഭിച്ച യൗവനം. ഗംഗാ ജലം വളരെ തെളിമയോടെ ഒഴുകുന്നു. ഗംഗാ നദിയിൽ BOD (ബയോ കെമിക്കൽ ഓക്സിജൻ ഡിമാൻഡ്) അളവ് 3.8 ഉണ്ടായിരുന്നത്, ഇന്ന് 2.8 ആയി കുറഞ്ഞു.

കോടിക്കണക്കിനു രൂപ ചിലവാക്കിയിട്ടും, വർഷങ്ങളായുള്ള പ്രവർത്തനങ്ങളിലൂടെയും ശുദ്ധമാക്കാൻ കഴിയാത്ത ഒരു നദിക്ക്, ചുരുങ്ങിയ ദിവസത്തെ നിയന്ത്രണങ്ങളിലൂടെ ഇത്രയും മാറ്റങ്ങൾ പ്രകൃതിക്ക് കൊണ്ടുവരാൻ സാധിക്കുമെങ്കിൽ, നമ്മൾ മനുഷ്യർ മാറേണ്ടതുണ്ട് എന്നത് COVID-19 കാലത്തെ പാഠങ്ങളിൽ ഒന്നാണ്. വായു മലിനീകരണവും ജലമലിനീകരണവും ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണ് എന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പിച്ചിട്ടുണ്ടെങ്കിലും, ശക്തമായ നടപടികളുടെ അഭാവം ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് വിനാശകരമാകുകയാണ്.

കേരളം – പരിസ്ഥിതി, മനുഷ്യൻ

ഒരിക്കലും തീരാത്ത മനുഷ്യന്റെ ആർത്തിയാണ്, ഇന്നുള്ള ലോകത്തിന്റെ നാശത്തിനു പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന്. ലാഭേച്ഛ മാത്രം മുന്നിൽ കണ്ടു നാം മണ്ണിനെയും, വിണ്ണിനെയും, ജലത്തെയും, ഭക്ഷണത്തെയും നമ്മുടെ ലാഭത്തിനായി മാത്രം വിനിയോഗിച്ചു; ഭക്ഷ്യധാന്യത്തിന്റ സ്വാഭാവിക ഘടനകളിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ ഉല്പാദിപ്പിക്കാൻ തുടങ്ങി; കൃത്രിമ കളറുകളും, ആർട്ടിഫിഷ്യൽ കൂട്ടുകളും ചേർത്ത് നമ്മുടെ തീൻമേശയെ നമ്മൾ രോഗവാഹകരാക്കി മാറ്റി. മണ്ണും, വിണ്ണും കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്നതെല്ലാം നമ്മുക്ക് വികസനം ആയി മാറി; പ്രകൃതിക്കു വേണ്ടി ഘോര ഘോരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവരുടെ യാഥാർഥ്യം നാം അറിഞ്ഞ് കൊണ്ടും അറിഞ്ഞില്ല എന്ന് നടിച്ചു.

കൃഷി ചെയ്തിരുന്ന വയലുകളും, തൊടികളും വ്യവസായ ഭീമന്മാർക്ക് തീറെഴുതി കൊടുത്ത ശേഷം, നമ്മുടെ ആവശ്യങ്ങൾക്കുള്ള ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും വരുന്നതിനായി നാം കണ്ണും നട്ടിരിക്കുന്നു. പുറത്തു നിന്നുള്ള അവശ്യ വസ്തുക്കളുടെ വരവ് കുറയുമ്പോൾ നമ്മൾ സംവിധാനങ്ങളെ കുറ്റം പറയുന്നു. അതിനു ശേഷം നമ്മുടെ ബാക്കിയുള്ള നെല്ലും, തേങ്ങയും, ചക്കയും പുറത്തേക്ക് കയറ്റി അയക്കുന്നതിലോ, ഇവിടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങൾ സംഭരിക്കാനുള്ള പരിമിതികൾ മൂലം ഉത്പാദകർ തന്നെ കഠിനമായ മാനസിക വ്യഥയോടെ അവ നശിപ്പിക്കുന്നത് കണ്ട് കൊണ്ടിരിക്കുന്നതിലോ മുഴുകുന്നു. അതിനു ശേഷം പുറത്തു നിന്ന് വരുന്ന വിഷം മുക്കിയ ഭക്ഷ്യവിഭവങ്ങളെ ഇരു കൈയും നീട്ടി സ്വീകരിച്ച്, ജീവിത ശൈലീ രോഗങ്ങൾ എന്ന മേനിപറച്ചിലിൽ മയങ്ങുന്നു. പേരിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരമായെത്തുന്നവരോട് വിധേയത്വവും, നമ്മുടെ നാടിന്റെ അന്നദാതാക്കളായ കർഷകരെയും, കർഷക തൊഴിലാളികളെയും അവഗണനയും കാണിക്കുന്നത് നാം തുടരുന്നു.

നമ്മുടെ നാടും വികസിക്കണം, പക്ഷേ അത് നമ്മുടെ നാടിന്റെ സംസ്കാരത്തിനും, നമ്മുടെ നാടിന്റെ പൈതൃകത്തിനും, നമ്മുടെ നാടിന്റെ ഐക്യത്തിനും, സർവോപരി നമ്മൾ വസിക്കുന്ന പ്രകൃതിക്കും തുരങ്കം വെച്ചാകരുതു. വായുവും, ജലവും, മണ്ണും, വിണ്ണും, മലയും, പുഴയും, തോടും, കായലും എല്ലാം നിലനിറുത്തിയുള്ള ഒരു വികസനമാണ് നമുക്ക് വേണ്ടത്. ഇവ നമ്മുടേത് മാത്രമാണെന്ന ധാർഷ്ട്യം മനുഷ്യൻ ഉപേക്ഷിച്ചില്ലെങ്കിൽ, അനേകായിരം ജന്തുവർഗ്ഗങ്ങളിൽ ഒന്ന് മാത്രമാണ് നീ എന്ന പ്രകൃതിയുടെ ചില ഓർമ്മപ്പെടുത്തലുകൾ നമ്മുക്ക് താങ്ങാനായെന്ന് വരില്ല. മലനിരകളെ മലനിരകളായും, കായലുകളെ കായലുകളായും, കൃഷിയിടങ്ങളെ കൃഷിയിടങ്ങളായും നിലനിറുത്താൻ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണ്; ചിന്തയിലും, പ്രവർത്തിയിലും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കിയും, പച്ചക്കറിയിലും മറ്റു ഭക്ഷ്യ വസ്തുക്കളുടെ നിർമ്മാണത്തിലും നമ്മൾ സ്വയം പര്യാപ്തത നേടിയും, വിഷരഹിതമായ ഭക്ഷണം കഴിച്ചു കൊണ്ട് ഒരു ആരോഗ്യമുള്ള തലമുറയെ നമുക്ക് വാർത്തെടുക്കാൻ ശീലങ്ങൾ മാറ്റിയെ പറ്റൂ.

വർഷാവർഷം നമ്മൾ മറ്റ് ആഘോഷങ്ങൾ നടത്തുന്നത് പോലെ നടത്തിപോകേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. മനുശ്യരാശിക്ക്‌ മാത്രമല്ല ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവ ജാലകങ്ങളുടെയും ജീവന് ഭീഷണിയാകുന്ന ഒന്നാണ് പരിസ്ഥിതിക്ക് വരുന്ന ഓരോ വ്യതിയാനവും. ആയത് കൊണ്ട് തന്നെ പരിസ്ഥിതിക്ക് ദോഷം വരുന്ന ഓരോ പ്രവർത്തനവും അത് എന്ത് ലാഭ കണ്ണോട് കൂടിയുള്ളതാണെങ്കിലും അതെല്ലാം മുളയിലേ നുള്ളാൻ നമ്മൾ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. പരിസ്ഥി ലോല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിച്ചും, ആ പ്രദേശങ്ങളിലുള്ള കടന്നു കയറ്റം അവസാനിപ്പിച്ചും നമുക്ക് പ്രകൃതി ദുരന്തത്തിൽ നിന്ന് രക്ഷ നേടാം എന്നത് ഇന്നും നാം മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്.

ഈ മഹാമാരിയുടെ കാലത്ത്, മറ്റ്‌ പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കുന്നതിൽ നമ്മൾ വളരെ കരുതൽ എടുക്കേണ്ടതുണ്ട്‌. ഓടകളും, കനാലുകളും എന്ന് വേണ്ട, പരിസരം മുഴുവനും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാത്ത തരത്തിൽ നാം വൃത്തിയാക്കിയേ മതിയാകൂ. ഈ സന്ദർഭത്തിൽ, സമൂഹത്തിൽ പടരുന്ന ഏതെങ്കിലും തരത്തിലുള്ള ഒരു പനി പോലും താങ്ങാൻനമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും എന്നതിനാൽ, പൊതുജനത്തിനും ചില ഉത്തരവാദിത്വങ്ങൾ ഉണ്ടെന്ന് ഓർക്കുക.

നമ്മൾ ജീവിക്കുന്ന ഭൂമിയും, വായുവും, ജലവും, മണ്ണും, വിണ്ണും ഒന്നിനെയും നമ്മൾ നമ്മുടെ ലാഭേച്ഛയ്ക്ക് വേണ്ടിയായാലും, വികസനത്തിന് വേണ്ടിയായാലും മുറിവേല്പിക്കില്ല എന്ന് ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.

തയ്യാറാക്കിയത്: അബ്ദുൾകലാം ആലംകോട്

Leave a Reply

Your email address will not be published. Required fields are marked *