ഉമിനീർക്കണം

Ezhuthupura

ഒരിക്കൽ യാത്രയിൽ എത്തിപ്പെട്ട സ്ഥലമാണ് ബിൽവാര… മേവാർ പ്രവിശ്യയിലുള്ള രാജസ്ഥാനിലെ ഒരു വലിയ പട്ടണം… കാഴ്ച്ചയിൽ രാജകീയ പ്രൗഢി; എന്നാൽ പിന്നാമ്പുറങ്ങളിൽ ദാഹജലത്തിനായി കേഴുന്ന ഒരു ഭൂപ്രദേശം…വികസനം സൗധങ്ങളിലും മൊബൈൽ ടവറുകളിലും ഒതുങ്ങുന്ന ഇന്നത്തെ കാലത്തു ഭൂമിയിലെ ജലസ്രോതസ്സുകളെ പരസ്യങ്ങളിൽ മാത്രം നാമമാത്രമായി സംരക്ഷിച്ചു പോരുന്ന പുതു തലമുറയ്ക്ക് ചെന്ന് കാണാവുന്ന വരൾച്ച… അവിടെ നിന്നും ഒരു ചിത്രമെടുത്തു സമൂഹമാധ്യമങ്ങളിൽ ഇടാനായാൽ, അതും താൻ സമൂഹത്തിനായി പ്രവർത്തിക്കുന്നു എന്ന ചിന്ത ഊട്ടിയുറപ്പിക്കാനും, തന്റെ സേവന സന്നദ്ധത ഇതുകൊണ്ട് ഒതുങ്ങുന്നു എന്ന താൽക്കാലിക ചിന്ത നിലനിർത്താനും സഹായകമായേക്കാം… പോകുന്നെങ്കിൽ ഒരു കുടം വെള്ളം കൂടി കയ്യിൽ കരുതുക… ദാഹിക്കുമ്പോൾ തൊണ്ട നനക്കാൻ കാത്തിരിക്കുന്ന ഒരു സമൂഹമാണ് നിങ്ങൾക്ക് മുന്നിലുണ്ടാവുക… നിങ്ങൾക്ക് ഇതിൽ നിന്നുള്ള ലാഭങ്ങൾ അറിയാനൊന്നും അവർക്കു പ്രാപ്തിയില്ല; മറിച്ചു ജീവൻ നിലനിർത്താൻ ഒരു തുടം വെള്ളത്തിനായി യാചിക്കാൻ മാത്രം അറിയാം…

പ്രതിദിനം പത്തുലക്ഷത്തോളം രൂപയാണ് ഈ പട്ടണത്തിലേക്കു ട്രെയിൻ മാർഗം വെള്ളം എത്തിക്കുന്നതിനായി രാജസ്ഥാൻ സർക്കാർ ചെലവിടുന്നത്.. ഇതുപോലെ എത്രയോ നഗരങ്ങൾ… അജ്‌മീർ, ബാൻസ്വര, ബാർമേർ, ജയ്‌പൂർ, ജോധ്പുർ തുടങ്ങിയ എത്രയോ ഗ്രാമങ്ങളും, നഗരങ്ങളും ഇന്ന് വരൾച്ചയുടെ പാതയിലാണ്… ചർച്ചകൾക്കിരിക്കുമ്പോൾ കുപ്പിവെള്ളങ്ങളിൽ സ്പാർക്കിളിങ് വെള്ളം തന്നെ വേണം എന്ന് നിഷ്കര്ഷയുള്ള നേതാക്കളും, മുഖം കഴുകാൻ വരെ കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന ജനസേവകരും ഇതെല്ലാം സാമാന്യവൽക്കരിക്കുന്നു, എളുപ്പം മറക്കുന്നു…

സർക്കാർ കണക്കിൽ വെച്ചിട്ടുള്ള പൈപ്പുകളും, കെട്ടിയ ജലസംഭരണികളും മാറ്റി വെച്ചാൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി കിലോമീറ്ററുകൾ കുടവുമേന്തി നടക്കേണ്ടിവരുന്ന ദുരവസ്ഥ… ഇതിന്റെ തീവ്രത അറിയാൻ ഒരു ദിവസം ജലപാനം നടത്താതെ ഇരിക്കുക, വിശപ്പും ദാഹവും ഒരു വികാരമല്ല, അതൊരു അവസ്ഥയാണ് എന്ന് അപ്പോൾ മനസ്സിലാക്കാം… പലപ്പോഴും മാറി വരുന്ന രാഷ്ട്രീയ പ്രഭുത്വത്തിനു പണം വകമാറ്റാനുള്ള ഒരു വരണ്ട ജലസമൃദ്ധി പദ്ധതിയിലൊതുങ്ങുന്നു ഈ വഴിയിലെ വികസനം…

അങ്ങോട്ടൊന്നും പോകണമെന്നില്ല, നമ്മുടെ അടുത്തുള്ള വൈപ്പിൻകരയിലേക്കും, പാലക്കാടുള്ള ചില ഗ്രാമങ്ങളിലേക്കും ഒന്ന് സഞ്ചരിച്ചാൽ ഈ അവസ്ഥ നമുക്ക് മലയാളക്കരയിലും കാണാനാകും… നമുക്ക് ദൂരെയുള്ള വിപത്തും അടുത്തെത്തിയതായി മനസ്സിലാക്കാൻ ആ യാത്ര ചിലപ്പോൾ സഹായിച്ചേക്കാം… ഒന്നാലോചിച്ചു നോക്കൂ, കുപ്പിവെള്ളമില്ലാത്ത ഒരു യാത്ര നിങ്ങൾ അടുത്തിടെ ചെയ്യാറുണ്ടോ… ദാഹം അത് അനുഭവിച്ചറിയേണ്ട അവസ്ഥയാണ്… ജനങ്ങൾ കൂട്ടായി നിന്ന് പരിഹാരം എത്തിക്കാൻ കഴിയുന്ന ഒരു പ്രശ്നമാണ് ഇത്… അതിനായി നമ്മൾ ജീവിതരീതിയിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ മതിയാകും… വെള്ളം പാഴാക്കാതിരിക്കുക എന്ന് പറയുന്നതിനോടൊപ്പം അവ പാലിക്കുക കൂടി ചെയ്യുക… കാട്ടിൽനിന്നും നാട്ടുവാസികൾ ഇറങ്ങിക്കൊടുക്കുക… കാട്ടിലുള്ള കച്ചവടക്കാരെയും ഒഴിപ്പിക്കുക അത് എന്ത് വലിയ കച്ചവടമായാലും, ദാഹം എന്ന അവസ്ഥയിലേക്കാൾ വിലയില്ല ഒരു വലിയ ലാഭങ്ങൾക്കും… സംശയമുണ്ടെങ്കിൽ ദാഹിച്ചു വലഞ്ഞെത്തിയ ഒരു പ്രഭുവിന് മുന്നിൽ ഒരു ഗ്ലാസ് വെള്ളം വെച്ച് അതിനു വിലയിടാൻ പറയുക… ചിലപ്പോൾ അതൊരു ജീവന്റെ വിലയായിരിക്കും….

എല്ലാത്തിലും തെളിവുകൾക്കും കണക്കിനും മാത്രം വിലകൊടുക്കുന്ന ഇന്നത്തെ സമൂഹംത്തിനു, ജലം അമൂല്യമാണെന്നു മനസ്സിലാക്കാൻ പ്രതിദിനം ഭാരതത്തിലെ ഒരു നഗരത്തിൽ വെള്ളം എത്തിക്കാൻ പത്തുലക്ഷത്തോളം രൂപ ചിലവിടുന്നതും വച്ച് ഒന്ന് കണക്കുകൂട്ടിയാൽ മനസ്സിലാക്കാം… നമുക്ക് ചർച്ച ചെയ്യാൻ വിഷയങ്ങൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ ഇവയും ഒരു വിഷയമായി നിലകൊള്ളുന്നു; എന്നാൽ ചർച്ച ചെയ്തു പ്രകമ്പനം കൊള്ളിക്കാനും, മുൾമുനയിൽ നിർത്താനും കഴിയാത്ത ഒരു വിഷയമായതുകൊണ്ടായിരിക്കാം ഇതൊന്നും ചർച്ചക്കെടുക്കാത്തതു… നമ്മുടെ താൽക്കാലിക ജലസമൃദ്ധിയിൽ നമുക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള അവസ്ഥയാണ് വരൾച്ച… നിങ്ങൾ കുടിച്ചു വലിച്ചെറിഞ്ഞ ഒരു വെള്ളകുപ്പിയിൽ ബാക്കി വെച്ച തുള്ളികൾ രുചിയോടെ നുകരുന്ന ഒരു കുഞ്ഞിനെ മനസ്സിലേക്ക് കൊണ്ടുവരൂ, മനുഷ്യത്വമുണ്ടെങ്കിൽ ഈ അവസ്ഥ നിങ്ങൾക്കും മനസ്സിലാക്കാനായേക്കും…

രണ്ടു ദിവസം മുൻപേ നമ്മുടെ നാട്ടിൽ ഒരു സുഹൃത്ത് അവരുടെ ചെറിയ ഗ്രാമത്തിൽ നൂറു വീടുകളിൽ വെള്ളം എത്തിക്കുന്നതിന് ഒരു ജലവിതരണ പദ്ധതിപത്രം പഞ്ചായത്തിൽ സമർപ്പിച്ച കാര്യം പറഞ്ഞു… വലിയ സന്തോഷം തോന്നി, കാരണം ജനങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ഇടപെടലുകളാണ് നമുക്ക് വേണ്ടത്… എന്ത് സംഭവിച്ചാലും അത് ചിത്രീകരിച്ചു സമൂഹത്തിനു മുന്നിൽ നിരത്തുന്നതിലും എന്തുകൊണ്ടും നല്ലതാണ് ഇത്തരം പരിഹാരങ്ങൾ കണ്ടെത്തി അതിലൂടെ സമൂഹത്തിൽ ചെറിയ തോതിലുള്ള നല്ല മാറ്റങ്ങൾ ഉണ്ടാകുന്നത്… നിങ്ങളും കണ്ണ് തുറന്നു ചുറ്റും നോക്കൂ നന്മ കാണാനാകും… കുറച്ചു കാലമായി എല്ലാ തിന്മകളും കണ്ടു മരവിച്ച കണ്ണുകൾ ഉണരട്ടെ… അവസാന ജലകണിക നമുക്കുള്ളിലെ ഉമിനീരാണ് അതും വറ്റിക്കഴിഞ്ഞാൽ നമുക്കുള്ളിലെ വരൾച്ചയെ എങ്ങിനെ നേരിടും എന്നൊന്നാലോചിക്കുക…

ദാഹിക്കുന്നു… നടക്കട്ടെ…
രാഹുൽദാസ് ബംഗളൂരു