മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകൾക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം

UAE

മാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെ അവസരം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ജൂലൈ 12 മുതൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10, വെള്ളിയാഴ്ച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ജൂലൈ 12 മുതൽ ഓഗസ്റ്റ് 10 വരെ, 30 ദിവസത്തെ സമയമാണ് പിഴകൂടാതെ രാജ്യത്ത് തുടരുന്നതിന് സന്ദർശക വിസകളിലുള്ളവർക്ക് നൽകിയിട്ടുള്ളത്.

റെസിഡൻസി വിസകൾ, എൻട്രി പെർമിറ്റുകൾ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരുന്ന എല്ലാ തീരുമാനങ്ങളും ജൂലൈ 11 മുതൽ റദ്ദ് ചെയ്യാനും, ജൂലൈ 12 മുതൽ, സേവനങ്ങൾക്കായി തുകകൾ ഈടാക്കുന്ന നടപടികൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പുനരാംഭിക്കാനും തീരുമാനിച്ചതായി ജൂലൈ 10-നു അധികൃതർ അറിയിച്ചിരുന്നു. ഈ തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും, സമയക്രമങ്ങളും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) വക്താവ് ബ്രിഗേഡിയർ ഖമീസ് മുഹമ്മദ് അൽ കാബി, ജൂലൈ 12-നു യു എ ഇയിലെ പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, അറിയിക്കുകയുണ്ടായി. ഇത് പ്രകാരം രാജ്യത്തിനു അകത്തുള്ള റെസിഡൻസി വിസക്കാർക്ക്, മാർച്ച് 1 മുതൽ ഡിസംബർ 31 വരെ വിസ, എൻട്രി പെർമിറ്റ് എന്നിവയുടെ കാലാവധി നീട്ടി നൽകിയ തീരുമാനം റദ്ദ് ചെയ്തതായും അൽ കാബി വ്യക്തമാക്കിയിരുന്നു. എൻട്രി പെർമിറ്റുകൾ നീട്ടിനൽകിയ തീരുമാനം റദ്ദാക്കിയതോടെ, സന്ദർശക, ടൂറിസ്റ്റ് വിസകൾക്കും ഈ തീരുമാനം ബാധകമാകുകയാണ്.

അതേ സമയം, മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവർക്ക്, യു എ ഇയിൽ നിന്ന് പിഴ ശിക്ഷാ നടപടികൾ കൂടാതെ മടങ്ങാൻ അവസരം നൽകുന്നത് സംബന്ധിച്ച് പുതിയ അറിയിപ്പുകൾ ഒന്നും അധികൃതർ ഈ തീരുമാനത്തിന്റെ ഭാഗമായി നൽകിയിട്ടില്ല. യു എ ഇയിൽ മാർച്ച് 1-നു മുൻപ്, വിസ ചട്ടങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് നാടുകളിലേക്ക് മടങ്ങാൻ 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി മെയ് 19-നു ICA അറിയിച്ചിരുന്നു. മെയ് 18 മുതൽ ഓഗസ്റ്റ് 18 വരെയുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവിൽ, ഇത്തരത്തിൽ വിവിധ വിസാ ലംഘനങ്ങളോടെ (മാർച്ച് 1-നു മുൻപ് വരുത്തിയ ലംഘനങ്ങൾ) യു എ ഇയിൽ തുടരുന്നവർക്ക്, പിഴകളോ, മറ്റു നിയമ നടപടികളോ കൂടാതെ രാജ്യം വിടാവുന്നതാണെന്ന് ജൂൺ 8, തിങ്കളാഴ്ച്ച ICA ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് റഖൻ അൽ റാഷിദി വിർച്യുൽ പത്രസമ്മേളനത്തിലൂടെ സ്ഥിരീകരണം നൽകുകയുണ്ടായി.