രാജ്യത്തെ ടൂറിസം രംഗത്ത് 2022-ലെ രണ്ടാം പാദത്തിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയിൽ 2022-ലെ രണ്ടാം പാദത്തിൽ ഏതാണ്ട് മൂന്നര ദശലക്ഷത്തിലധികം സന്ദർശകരെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 575.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർദ്ധനവ് പ്രകടമാണ്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 42.3 ശതമാനം വളർച്ചയാണ് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ (21.4 ദശലക്ഷം) രേഖപ്പെടുത്തിയിരിക്കുന്നത്.
ആഭ്യന്തര, വിദേശ ടൂറിസ്റ്റുകൾ ഉൾപ്പടെ ആകെ 46 മില്യൺ ടൂറിസ്റ്റുകളാണ് 2022-ലെ ആദ്യ ആറ് മാസത്തിനിടെ സൗദി അറേബ്യ സന്ദർശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ടൂറിസ്റ്റുകൾ സൗദി അറേബ്യയിൽ ചെലവഴിക്കുന്ന തുകയിലും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ലെ ആദ്യ ആറ് മാസത്തിനിടെ അന്താരാഷ്ട്ര ടൂറിസ്റ്റുകൾ സൗദി അറേബ്യയിൽ ചെലവഴിച്ച തുക 27 ബില്യൺ റിയാൽ കടന്നതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2022-ലെ രണ്ടാം പാദത്തിൽ മാത്രം അന്താരാഷ്ട്ര ടൂറിസ്റ്റുകൾ സൗദി അറേബ്യയിൽ ചെലവഴിച്ച തുക 15.7 ബില്യൺ റിയാലാണെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ടൂറിസ്റ്റുകൾ സൗദി അറേബ്യയിൽ ചെലവഴിച്ച തുക 22.7 ബില്യൺ റിയാലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
സൗദി അറേബ്യ മുന്നോട്ട് വെക്കുന്ന വിഷൻ 2030 പദ്ധതി പ്രകാരം രാജ്യത്തെ പ്രധാനപ്പെട്ട വരുമാന മേഖലകളിലൊന്നാണ് ടൂറിസം. 2030-ഓടെ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്ച്ചയുടെ പത്ത് ശതമാനത്തിലധികം ടൂറിസം മേഖലയിൽ നിന്ന് കൈവരിക്കുന്നതിനും, ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 100 മില്യണിൽ എത്തിക്കുന്നതിനുമാണ് സൗദി ലക്ഷ്യമിടുന്നത്.