സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

GCC News

രാജ്യത്തേക്ക് സന്ദർശക വിസകളിൽ വിനോദസഞ്ചാരത്തിനായെത്തുന്ന വ്യക്തികൾ നിർബന്ധമായും പാലിക്കേണ്ടതായ നിബന്ധനകൾ സംബന്ധിച്ച് സൗദി ടൂറിസ്റ്റ് മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടൂറിസ്റ്റ് വിസ നിയമങ്ങളിലെ ഭേദഗതികൾ വിവരിച്ച് കൊണ്ടാണ് ടൂറിസം മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇത് പ്രകാരം, ഇത്തരം വിസകളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയിൽ തൊഴിലെടുക്കുന്നതിനോ, ഹജ്ജ് അനുഷ്ഠിക്കുന്നതിനോ അനുമതിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകൾ:

  • രാജ്യത്തേക്ക് ടൂറിസ്റ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടന കാലയളവിൽ ഹജ്ജ് അനുഷ്ഠിക്കുന്നതിനോ, ഉംറ തീർത്ഥാടനം നടത്തുന്നതിനോ അനുമതിയില്ല.
  • ടൂറിസ്റ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് സൗദി അറേബ്യയിൽ തൊഴിലെടുക്കാൻ അനുവാദമില്ല.
  • ഇവർ രാജ്യത്തെ നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ ബാധ്യസ്ഥരാണ്.
  • വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ തുടരുന്ന കാലയളവിൽ തങ്ങളുടെ ഐഡി കാർഡുകൾ, മറ്റു രേഖകൾ എന്നിവ മുഴുവൻ സമയവും കൈവശം കരുതേണ്ടതാണ്.
  • ഇത്തരം വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നവർ വിസ കാലാവധി സംബന്ധിച്ച നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
  • സിംഗിൾ എൻട്രി വിസകളിലെത്തുന്നവർക്ക് ഈ വിസ ഉപയോഗിച്ച് കൊണ്ട് ഒരു തവണ മാത്രമാണ് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം വിസകൾ മൂന്ന് മാസത്തിനകം ഉപയോഗിക്കേണ്ടതാണ്. ഇവർ സൗദിയിലെത്തിയാൽ ഒരു മാസത്തിനുള്ളിൽ തിരികെ മടങ്ങേണ്ടതാണ്.
  • മൾട്ടിപ്പിൾ എൻട്രി വിസകൾ ഉപയോഗിച്ച് കൊണ്ട് ഒന്നിലധികം തവണ സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇവർക്ക് തുടർച്ചയായി മൂന്ന് മാസം വരെയാണ് സൗദിയിൽ തുടരുന്നതിന് അനുമതി നൽകുന്നത്.

ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം നേരത്തെ അറിയിച്ചിരുന്നു.