സൗദി അറേബ്യ: ടൂറിസ്റ്റ് വിസ നിബന്ധനകൾ പുതുക്കി; വിനോദസഞ്ചാരികളായെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയില്ല

GCC News

രാജ്യത്തേക്ക് ടൂറിസ്റ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടന കാലയളവിൽ ഹജ്ജ് അനുഷ്ഠിക്കുന്നതിനോ, ഉംറ തീർത്ഥാടനം നടത്തുന്നതിനോ അനുമതിയില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടൂറിസ്റ്റ് വിസ നിയമങ്ങളിലെ ഭേദഗതികൾ വിവരിച്ച് കൊണ്ടാണ് ടൂറിസം മന്ത്രാലയം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുക്കിയ ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ പ്രകാരം, സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികൾ രാജ്യത്തെ നിയമങ്ങൾ, സുരക്ഷാ നിബന്ധനകൾ എന്നിവ പൂർണ്ണമായും അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വിനോദസഞ്ചാരികൾ സൗദി അറേബ്യയിൽ തുടരുന്ന കാലയളവിൽ തങ്ങളുടെ ഐഡി കാർഡുകൾ, മറ്റു രേഖകൾ എന്നിവ മുഴുവൻ സമയവും കൈവശം കരുതണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ജി സി സി രാജ്യങ്ങളിലെ നിവാസികൾക്ക് ടൂറിസ്റ്റ് ഇ-വിസകൾ ഓൺലൈനിലൂടെ അപേക്ഷിക്കാൻ അനുമതി നൽകിയതായി സൗദി മിനിസ്ട്രി ഓഫ് ടൂറിസം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരത്തിൽ ഇ-ടൂറിസ്റ്റ് വിസകൾക്ക് അപേക്ഷിക്കുന്ന വിദേശികൾക്ക് ജി സി സി രാജ്യങ്ങളിൽ നിന്നുള്ള, ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള, റെസിഡൻസി വിസകൾ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.