രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. 2025 ഒക്ടോബർ 29-നാണ് ഒമാൻ കസ്റ്റംസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Are you aware when you should declare cash or precious metals while traveling? ✈️
— جمارك عُمان (@omancustoms) October 29, 2025
Learn more in the Guiding Manual for Cash Declaration by #Oman_Customs.
📘 View the guidehttps://t.co/WmumNK7Vnj #RoyalOmanPolice#CustomsDeclaration pic.twitter.com/WDNcPt49Ae
’30/2016′ എന്ന ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം ചെറുക്കുന്നതിനുമായി ഒമാനിലേക്ക് കറൻസി, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ കൊണ്ട് വരുന്നതുമായ ബന്ധപ്പെട്ട നിയമങ്ങൾ കസ്റ്റംസ് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഒമാനിലേക്ക് പ്രവേശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കൾ, പണം, ലോഹങ്ങൾ മുതലായവ ഒമാൻ കസ്റ്റംസിൽ നിർബന്ധമായും ഡിക്ലയർ ചെയ്യേണ്ടതാണ്. 6000 ഒമാൻ റിയാൽ അല്ലെങ്കിൽ തത്തുല്യമായ കറൻസി, സ്വർണ്ണം, മറ്റു വിലപിടിച്ച ലോഹങ്ങൾ തുടങ്ങിയവയുമായി യാത്ര ചെയ്യുന്നവർക്ക് ഇത് ബാധകമാണ്.
- ഒമാനിലേക്ക് കൊണ്ട് വരുന്ന ഇത്തരം നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ, കസ്റ്റംസ് ഡിക്ലറേഷൻ, ഇൻവോയ്‌സുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കൊമ്മേർഷ്യൽ രജിസ്‌ട്രേഷൻ രേഖകൾ മുതലായവ ഹാജരാക്കേണ്ടതാണ്. മറ്റുള്ളവരുടെ ധനവുമായി ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി രേഖകൾ ഹാജരാക്കേണ്ടതാണ്. ഇമ്പോർട്ട് കസ്റ്റംസ് ഡിക്ലറേഷൻ രേഖകളും ആവശ്യമാണ്.
- ഒമാനിൽ നിന്ന് ഇത്തരത്തിൽ വലിയ തുകകൾ പുറത്തേക്ക് കൊണ്ട് പോകുന്നതിനും സമാനമായ രേഖകൾ, എക്സ്പോർട് കസ്റ്റംസ് ഡിക്ലറേഷൻ രേഖകൾ എന്നിവ ആവശ്യമാണ്.
- ഒമാനിലൂടെ മറ്റൊരു രാജ്യത്തേക്ക് കൊണ്ട് പോകുന്ന ട്രാൻസിറ്റ് ഫണ്ടുകൾക്ക് ഔദ്യോഗിക രേഖകൾ, ട്രാൻസിറ്റ് കസ്റ്റംസ് ഡിക്ലറേഷൻ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, കൊമ്മേർഷ്യൽ രജിസ്‌ട്രേഷൻ രേഖകൾ, കൃത്യമായ യാത്രാ ടിക്കറ്റുകൾ എന്നിവ (തേർഡ് പാർട്ടി ഫണ്ടുകൾക്ക് പവർ ഓഫ് അറ്റോർണി രേഖകൾ നിർബന്ധം) ആവശ്യമാണ്. ട്രാൻസിറ്റ് ഫണ്ടുകൾ നിർബന്ധമായും പ്രത്യേക ബാഗിൽ സൂക്ഷിക്കേണ്ടതാണ്.
- 6000 റിയാലിൽ കൂടുതൽ മൂല്യമുള്ള സ്വർണ്ണം (ആഭരണം, സ്വർണ്ണക്കട്ടികൾ എന്നിവയ്‌ക്കെല്ലാം ബാധകം) സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടതാണ്.
ഈ നിബന്ധനകളിൽ വീഴ്ച വരുത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവ്, 10000 റിയാൽ വരെ പിഴ എന്നിവ ചുമത്തുന്നതാണ്. നിയമപരമായ സ്ഥാപനങ്ങൾ ഇത്തരം പിഴവുകൾ വരുത്തുന്ന സാഹചര്യങ്ങളിൽ ചുരുങ്ങിയത് 10000 റിയാൽ പിഴ ചുമത്തുന്നതും, വീഴ്ചയുമായി ബന്ധപ്പെട്ട പണം പിടിച്ചെടുക്കുന്നതും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.

