കഴിഞ്ഞ വർഷം 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി GCAA

featured GCC News

2023-ൽ 134 ദശലക്ഷത്തിലധികം യാത്രികർ യു എ ഇയിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

GCAA ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദിയെ ഉദ്ധരിച്ചാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 134 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായും, 2024-ൽ യാത്രികരുടെ എണ്ണം 140 ദശലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2023-ൽ യു എ ഇ വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ യാത്രികരുടെ എണ്ണം ഏകദേശം 38 ദശലക്ഷം ആണെന്നും, യു എ ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരുടെ എണ്ണം ഏകദേശം 37.805 ദശലക്ഷം ആണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം ഏതാണ്ട് 58.328 ദശലക്ഷം ട്രാൻസിറ്റ് യാത്രികർ യു എ ഇയിലെ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള തലത്തിൽ വിശ്വാസം നേടിയെടുത്ത യു എ ഇ വ്യോമയാന മേഖലയുടെ കരുത്തും മത്സരക്ഷമതയുമാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ നടക്കുന്ന വിപുലീകരണങ്ങൾ, പ്രത്യേകിച്ച് സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് – ടെർമിനൽ എ ഉദ്ഘാടനവും അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ നിലവിലെ വിപുലീകരണവും അദ്ദേഹം എടുത്ത് കാട്ടി.

ഇത്തരം വിപുലീകരണ പ്രവർത്തനങ്ങൾ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ യു എ ഇയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.