യു എ ഇ: ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്തു

featured GCC News

ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ യു എ ഇ ഭേദഗതി ചെയ്തു. ഇതുമായി ബന്ധപ്പെട്ട് യു എ ഇ സർക്കാർ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗാർഹിക തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഈ പുതിയ ഉത്തരവ് പ്രകാരം, ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട തൊഴിൽ തർക്കങ്ങൾ കോർട്ട് ഓഫ് അപ്പീലിൽ നിന്ന് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിലേക്ക് മാറ്റുന്നതിന് ആവശ്യമായ വ്യവസ്ഥകൾ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നിയമ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ കോർട്ട് ഓഫ് അപ്പീലിൽ നിലവിലുള്ള ഇത്തരം എല്ലാ തൊഴിൽ തർക്ക കേസുകളും, അപേക്ഷകളും, പരാതികളും കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിലേക്ക് ഫീസ് ഒന്നും കൂടാതെ തന്നെ കൈമാറേണ്ടതാണ്.

നിലവിൽ ജഡ്ജ് വിധി പറഞ്ഞിട്ടുള്ളതോ, വിധി പറയുന്നതിനായി മാറ്റി വെച്ചിട്ടുള്ളതോ ആയ കേസുകൾക്ക് ഈ തീരുമാനം ബാധകമല്ല. തൊഴിലുടമ, ഗാർഹിക ജീവനക്കാർ, റിക്രൂട്ടിങ് കമ്പനി എന്നിവർക്കിടയിൽ രമ്യമായി പരിഹരിക്കാനാകാത്തതായ തർക്കങ്ങൾ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേട്ടൈസേഷനിലക്ക് റഫർ ചെയ്യുന്നതിനും ഈ നിയമം അനുശാസിക്കുന്നു.

ഈ തർക്കം രമ്യമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേട്ടൈസേഷനു അധികാരമുണ്ടായിരിക്കുന്നതാണ്. എന്നാൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ രമ്യമായ ഒരു പരിഹാരം കണ്ടെത്താനാകാത്ത കേസുകൾ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിലേക്ക്, കേസ് സംബന്ധിച്ച മന്ത്രാലയത്തിന്റെ അനുമാനങ്ങൾ, ശുപാർശകൾ എന്നിവ ഉൾപ്പടെ, റഫർ ചെയ്യുന്നതാണ്.

അമ്പതിനായിരം ദിർഹത്തിൽ കൂടുതൽ അവകാശപ്പെടാത്ത കേസുകൾ, നേരത്തെ വിധി വന്നതും എന്നാൽ ഇതിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഏതെങ്കിലും ഒരു പാർട്ടി വീഴ്ച വരുത്തിയിട്ടുള്ള കേസുകൾ തുടങ്ങിയവ തീർപ്പാക്കുന്നതിനും മന്ത്രാലയത്തിന് അവകാശമുണ്ടായിരിക്കുന്നതാണ്. എന്നാൽ മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ കേസിൽ ഉൾപ്പെട്ട വ്യക്തികൾക്ക് 15 പ്രവർത്തിദിനങ്ങൾക്കുള്ളിൽ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിൽ കേസ് നൽകുന്നതിന് സാധിക്കുന്നതാണ്. കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് പുറപ്പെടുവിക്കുന്ന വിധികൾ അന്തിമമായിരിക്കും.