പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു

featured UAE

പരിസ്ഥിതി സംരക്ഷണ നടപടികൾ ഊർജ്ജിതപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിൽ ഒമാനും, യു എ ഇയും ഒപ്പ് വെച്ചു. 2023 മാർച്ച് 5-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമെഹിരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രതിനിധിസംഘത്തിന്റെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇത്തരം ഒരു ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. യു എ ഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഒമാൻ എൻവിറോണ്മെന്റ് ഏജൻസി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പ് വെച്ചിരിക്കുന്നത്.

Source: WAM.

സുസ്ഥിരതയിൽ ഊന്നിയുള്ള വികസനനയങ്ങൾ നടപ്പിലാക്കുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തിൽ ഒമാനും, യു എ ഇയും തീരുമാനിച്ചിട്ടുണ്ട്. ഈ കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഗവേഷണ ഫലങ്ങൾ, പഠനറിപ്പോർട്ടുകൾ എന്നിവ പരസ്പരം പങ്ക് വെക്കുന്നതും, പരിസ്ഥിതി സംരക്ഷണം, വായു മലിനീകരണം തടയൽ, ജൈവവൈവിദ്ധ്യ സംരക്ഷണം, സുസ്ഥിര വികസന നയങ്ങൾ നടപ്പിലാക്കൽ മുതലായ വിഷയങ്ങളിൽ ഒത്ത് ചേർന്ന് ഗവേഷണങ്ങൾ നടത്തുന്നതാണ്.

Source: WAM.

മത്സ്യകൃഷി, നെറ്റ്-സീറോ എമിഷൻ ലക്ഷ്യങ്ങൾ കൈവരിക്കൽ, കണ്ടൽ കാട് വെച്ച് പിടിപ്പിക്കൽ മുതലായ വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായുള്ള തയ്യാറെടുപ്പുകളും ഇരുവരും ചർച്ച ചെയ്തു.

പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നതിനായി പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ള പ്രതിവിധികൾ നടപ്പിലാക്കുന്നത് യു എ ഇ പ്രോത്സാഹിപ്പിക്കുമെന്ന് അൽമെഹിരി വ്യക്തമാക്കി. സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ അലി അൽ അംരി, ഒമാൻ കൃഷി വകുപ്പ് മന്ത്രി ഡോ. സൗദ് ഹമൂദ്‌ അൽ ഹബ്സി മുതലായവരുമായി യു എ ഇ പ്രതിനിധി സംഘം ചർച്ചകൾ നടത്തി.

WAM