രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ബാധകമാക്കുന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2022 സെപ്റ്റംബർ 4-നാണ് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
എമിറാത്തി സംസ്കാരം, ഇസ്ലാമിക വിശ്വാസങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതും, രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളിൽ അടിസ്ഥാനമാക്കിയതുമായ രീതിയിലാണ് ഈ പെരുമാറ്റച്ചട്ടം തയ്യാറാക്കിയിരിക്കുന്നത്. മതം, വംശീയത, സംസ്കാരം എന്നിവയിൽ യു എ ഇ മുന്നോട്ട് വെക്കുന്ന സഹിഷ്ണുതയുടെയും, സഹവർത്തിത്വത്തിന്റെയും ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പെരുമാറ്റച്ചട്ടം.
യു എ ഇയിലെ സ്‌കൂൾ ജീവനക്കാർക്ക് ബാധകമാക്കിയിട്ടുള്ള പെരുമാറ്റച്ചട്ടം:
- വിദ്യാർത്ഥികളിൽ നല്ല ചിന്തകൾ, ഉയർന്ന മൂല്യങ്ങൾ എന്നിവ വളർത്തുന്നതിനായി ജീവനക്കാർ ശ്രമിക്കേണ്ടതാണ്. യു എ ഇയിലെ സാംസ്‌കാരിക മൂല്യങ്ങൾക്ക് നിരക്കാത്ത ചിന്തകൾ വിദ്യാർത്ഥികളിൽ ഉയരുന്നത് തടയുന്നതിനും, സഹിഷ്ണുത, സഹവർത്തിത്വം എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവനക്കാർ ശ്രമിക്കേണ്ടതാണ്.
- യു എ ഇയുടെ വികാസം, വളർച്ച എന്നിവ ഉൾക്കൊള്ളുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ദേശീയ പരിപാടികളിലും, ചടങ്ങുകളിലും പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
- കുട്ടികളെ തിരസ്കാരം, ചൂഷണം, ഭീഷണി തുടങ്ങിയ വിവിധ രീതിയിലുള്ള പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സ്‌കൂൾ ജീവനക്കാർ പ്രതിജ്ഞാബദ്ധരാണ്.
- കുട്ടികളുടെയും, അവരുടെ കുടുംബത്തിന്റെയും സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുത്. തെറ്റായ വാർത്തകൾ, വ്യാജ പ്രചാരണങ്ങൾ എന്നിവയിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്. കുട്ടികളെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുന്ന പ്രവർത്തികൾ ഒരു സാഹചര്യത്തിലും ചെയ്യരുത്.
- രക്ഷിതാക്കളോടും, പൊതുസമൂഹത്തിലെ അംഗങ്ങളോടും മികച്ച രീതിയിൽ പെരുമാറുന്നതിന് സ്‌കൂൾ ജീവനക്കാർ മാതൃകയാകേണ്ടതാണ്.
- എമിറാത്തി സംസ്കാരം, പാരമ്പര്യം എന്നിവയും, ഇസ്ലാമിക മൂല്യങ്ങളും അടുത്തറിയാനും, അവയെ ബഹുമാനിക്കാനും സ്‌കൂൾ ജീവനക്കാർ ശ്രമിക്കേണ്ടതാണ്.
- വിദ്യാലങ്ങളിലെ സാംസ്കാരികവും, വംശീയവും, മതപരവുമായ വൈവിധ്യത്തെ ബഹുമാനിക്കേണ്ടതാണ്. ഇവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ്.
- വിദ്യാലങ്ങളിൽ പുകവലിക്കുന്നതിനും, നിയമം മൂലം തടഞ്ഞിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനും അനുവാദമില്ല.
- യു എ ഇയിലെ സാംസ്‌കാരിക മൂല്യങ്ങൾക്ക് നിരക്കാത്ത വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്. സ്വവർഗ്ഗലൈംഗികത, ലിംഗപരമായ വ്യക്തിത്വം മുതലായ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
- യു എ ഇയുടെ സാംസ്‌കാരിക മൂല്യങ്ങൾ അനുസരിച്ച് അനുവദനീയമായതും, വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് ഇണങ്ങുന്നതുമായ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.
Cover Image: WAM