രാജ്യത്തെ ഈദ് പ്രാർത്ഥനകൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന ഈദുൽ ഫിത്ർ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ അറിയിപ്പ് നൽകി. യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റിയാണ് (NCEMA)2022 ഏപ്രിൽ 27-ന് രാത്രി ഈ അറിയിപ്പ് നൽകിയത്.
പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ നിലനിർത്തുന്നതിനായാണ് NCEMA ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം ഈദ് പ്രാർത്ഥനകൾ, ഈദ് ആഘോഷങ്ങൾ എന്നിവയുടെ വേളയിൽ രാജ്യത്ത് പാലിക്കേണ്ട സുരക്ഷാ നിബന്ധനകൾ NCEMA വ്യക്തമാക്കിയിട്ടുണ്ട്.
ഈദ് പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് യു എ ഇയിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ:
- പള്ളികളുടെ സമീപത്തുള്ള പാർക്കുകളിലും, പാർക്കിംഗ് ഇടങ്ങളിലും ആളുകൾ ഒത്ത് ചേരാൻ ഇടയുള്ളതിനാൽ പള്ളികളുടെ പുറം ഭാഗങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കേണ്ടതാണ്.
- പ്രാർത്ഥന, ഖുതുബ എന്നിവയ്ക്കായി 20 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്.
- പോലീസ് പട്രോളിംഗ് സംഘങ്ങളുടെയും, സന്നദ്ധസേവകർ, ഇമാം തുടങ്ങിയവരുടെയും നേതൃത്വത്തിൽ പള്ളികളിൽ അമിതമായ ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
- ഈദ് ദിനത്തിൽ പ്രഭാതത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം ഈദ് പ്രാർത്ഥനകൾക്കായി പള്ളികളുടെ ഗേറ്റുകൾ തുറന്നിടേണ്ടതാണ്.
- പ്രാർത്ഥനകൾക്കെത്തുന്നവർ നിസ്കാര പായകൾ കൈവശം കരുതേണ്ടതാണ്.
- പള്ളികളിലെത്തുന്ന വിശ്വാസികൾ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. പള്ളികളിലെത്തുന്നവർ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പ് വരുത്തേണ്ടതാണ്.
- പ്രാർത്ഥനകൾക്ക് ശേഷം ഹസ്തദാനം, ആലിംഗനം തുടങ്ങിയ അഭിവാദനരീതികൾ, ആൾകൂട്ടം, ഒത്ത്ചേരലുകൾ എന്നിവ ഒഴിവാക്കേണ്ടതാണ്.
ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യു എ ഇയിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ:
- മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. എളുപ്പത്തിൽ രോഗബാധയേൽക്കുന്നതിന് സാധ്യതയുള്ളവരുമായി ഇടപഴകുന്ന അവസരത്തിൽ ഇത്തരം സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതാണ്.
- അൽ ഹൊസൻ ആപ്പിൽ സാധുതയുള്ള ഗ്രീൻ പാസ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- ഈദ് ആഘോഷങ്ങളിലെ പങ്കാളിത്തം ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ മാത്രമാക്കി നിയന്ത്രിക്കേണ്ടതാണ്.
- ഈദ് വേളയിൽ പാരിതോഷികങ്ങൾ നൽകുന്നതിനായി കഴിയുന്നതും ഇലക്ട്രോണിക് സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.