പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2022 ജനുവരി 1, ശനിയാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. അവധിയ്ക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ 2022 ജനുവരി 3, തിങ്കളാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും FAHR വ്യക്തമാക്കി.
ഈ അറിയിപ്പ് പ്രകാരമുള്ള അവധി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ബാധകമാണ്. 2021 ഡിസംബർ 19-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫെഡറൽ ഗവൺമെന്റ് മേഖലയിലെ പുതിയ വാരാന്ത്യ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് FAHR ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ജനുവരി 1 മുതൽ രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റുന്നതിനും, ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും വാരാന്ത്യ അവധി നൽകുന്നതിനും തീരുമാനിച്ചതായി യു എ ഇ നേരത്തെ അറിയിച്ചിരുന്നു.
ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 2022 ജനുവരി 2, ഞായറാഴ്ച്ച വാരാന്ത്യ അവധിയായി കണക്കാക്കുന്നതിനാലാണ് പുതുവത്സര അവധിയ്ക്ക് ശേഷം സ്ഥാപനങ്ങൾ 2022 ജനുവരി 3 മുതൽ പ്രവർത്തനം പുനരാരംഭിക്കുന്നത്.