യു എ ഇ: അസ്ഥിര കാലാവസ്ഥ; സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

UAE

രാജ്യത്തെ നിലവിലെ അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത്, ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി, ആരോഗ്യ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി. 2024 ഏപ്രിൽ 15-നാണ് MoHRE ഇക്കാര്യം അറിയിച്ചത്.

നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെക്കാനാകാത്ത പുറംതൊഴിലിടങ്ങളിൽ ആവശ്യമായ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും, സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും MoHRE സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തണമെന്ന് സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് MoHRE നിർദ്ദേശിച്ചിട്ടുണ്ട്.

തൊഴിലാളികളെ തൊഴിലിടങ്ങളിലേക്ക് കൊണ്ട് പോകുകയും, തിരികെ കൊണ്ട് വരികയും ചെയ്യുന്ന അവസരങ്ങളിൽ ജാഗ്രത പുലർത്താനും, തൊഴിലിടങ്ങളിൽ ആവശ്യമായ എല്ലാ തൊഴിൽ സുരക്ഷാ നടപടികൾ സ്വീകരിക്കാനും MoHRE ആഹ്വാനം ചെയ്തിട്ടുണ്ട്.