പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ഒരു അറിയിപ്പ് പുറത്തിറക്കി. സുരക്ഷ മുൻനിർത്തി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന പൊതുജനങ്ങൾക്ക് പാലിക്കാവുന്ന മുൻകരുതലുകൾ സംബന്ധിച്ച് ഈ അറിയിപ്പിൽ കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവരങ്ങൾ ചോർത്തുന്നവരുടെയും മറ്റു സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെയും വിളനിലമാണ് പൊതു വൈഫൈ നെറ്റ്‌വർക്കുകളെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന വേളയിൽ ഇത്തരക്കാർക്ക് നിങ്ങളുടെ വിവരങ്ങൾ ചോർത്താമെന്നും, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാമെന്നും, നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കാമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന വേളയിൽ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്:
- പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിന് പകരമായി കഴിയുന്നതും മൊബൈൽ ഡാറ്റ, അല്ലെങ്കിൽ സുരക്ഷിതമായ ഹോട്ട്സ്പോട്ടുകൾ എന്നിവ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.
- പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ അവയുമായി ബന്ധിപ്പിക്കുന്നതിന് മുൻപായി നെറ്റ്‌വർക്കിന്റെ ആധികാരികത ഉറപ്പ് വരുത്തേണ്ടതാണ്.
- പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ബാങ്കിങ്, നിങ്ങളുടെ പ്രധാനപ്പെട്ട സ്വകാര്യ അക്കൗണ്ടുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡ് മാറ്റുന്നത് ഒഴിവാക്കുക.
- പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന അവസരത്തിൽ നിങ്ങളുടെ പ്രവർത്തികൾ, വിവരങ്ങൾ എന്നിവ നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്ന് അനുമാനിക്കുകയും, അതിനനുസരിച്ചുളള മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.
Cover Image: Pixabay.