പുതുവർഷം: സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി

featured UAE

പുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ആക്രമണങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളോടും, വ്യക്തികളോടും യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു.

2022 ഡിസംബർ 26-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്ഥാപനങ്ങളിലെ സൈബർ സെക്യൂരിറ്റി നടപടിക്രമങ്ങൾ ശക്തമാക്കാനും, വ്യക്തികൾക്കിടയിൽ ഇത്തരം ആക്രമണങ്ങളെക്കുറിച്ച് അവബോധം വളർത്താനും കൗൺസിൽ നിർദ്ദേശം നൽകി.

ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ അവധിദിനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചൂണ്ടിക്കാട്ടി. മര്‍മ്മപ്രധാനമായ മേഖലകൾക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത മുൻനിർത്തി വിവിധ രീതിയിലുള്ള ഇത്തരം ആക്രമണങ്ങളെക്കുറിച്ച് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിനായി സ്ഥാപനങ്ങൾ സൈബർ സെക്യൂരിറ്റി നയങ്ങൾ നടപ്പിലാക്കേണ്ടതും, സുരക്ഷാ മാർഗങ്ങൾ അവലംബിക്കേണ്ടതും വളരെ പ്രധാനമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കിടയിൽ ഇത്തരം ആക്രമണങ്ങളെക്കുറിച്ചുളള ബോധവത്‌കരണം നൽകുന്നത് പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്ന് കൗൺസിൽ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ തന്നെ നിരവധി രാജ്യങ്ങളിൽ വൈദ്യുതി, ഗ്യാസ്, കുടിവെള്ളം മുതലായ മര്‍മ്മപ്രധാനമായ മേഖലകളുടെ പ്രവർത്തനം ഡിജിറ്റൽ സേവനങ്ങളിൽ അധിഷ്ഠിതമായതോടെ ഇവയ്‌ക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ വലുതാണെന്ന് കൗൺസിൽ വ്യക്തമാക്കി.

WAM