യു എ ഇ: ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചു

featured GCC News

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും അദ്ദേഹത്തിൻ്റെ സഹോദരന്മാരും യൂണിയൻ പ്രഖ്യാപനത്തിലും, യു എ ഇ ഭരണഘടനയിലും ഒപ്പുവെച്ച 1971-ലെ ഇതേ ദിനത്തിൽ നടന്ന യോഗത്തിൻ്റെ ബഹുമാനാർത്ഥമാണ് ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചത്.

1971 ഡിസംബർ 2-ന് എമിറേറ്റ്‌സ് ഫെഡറേഷൻ സ്ഥാപിക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു ജൂലൈ 18-ന് നടന്ന ഈ ചരിത്രപരമായ യോഗം. 1971 ജൂലൈ 18 യു എ ഇയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിലൊന്നാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൂണ്ടിക്കാട്ടി.

യൂണിയൻ പ്രതിജ്ഞ, യു എ ഇ ഭരണഘടന എന്നിവയിൽ ഒപ്പ് വെച്ചതും, യു എ ഇ എന്ന നാമം പ്രഖ്യാപിക്കപ്പെട്ടതും ഈ ദിനത്തിലാണ്. രാജ്യത്തിൻ്റെ മഹത്തായ യാത്രയെ അനുസ്മരിക്കുന്നതിനും, വർത്തമാന കാലത്തേക്കും, ഭാവിയിലേക്കും ആവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും, ഐക്യവും പുരോഗതിയും സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞ പുതുക്കുന്നതിനുമുള്ള അവസരമാണ് യൂണിയൻ പ്രതിജ്ഞാ ദിനമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യു എ ഇ ആചരിക്കുന്ന നാലാമത്തെ ദേശീയ ദിനമാണ് യൂണിയൻ പ്രതിജ്ഞ ദിനം. ഷെയ്ഖ് സായിദും അദ്ദേഹത്തിൻ്റെ സഹോദരന്മാരും സ്ഥാപിച്ച ദേശീയ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിൻ്റെ ചരിത്രത്തെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും യുവാക്കളിൽ അവബോധം വളർത്തുന്നതിനും യു എ ഇ യൂണിയൻ പ്രതിജ്ഞാ ദിനം ലക്ഷ്യമിടുന്നു.