എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ഏതാനം വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു.
ഈ അറിയിപ്പ് അനുസരിച്ച് താഴെ പറയുന്ന വിഭാഗങ്ങളെ (പൗരന്മാർ, പ്രവാസികൾ ഉൾപ്പടെ) എമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് ചുമത്തുന്ന പിഴയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്:
- യു എ ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷം മൂന്ന് മാസത്തിലധികം യു എ എയ്ക്ക് പുറത്ത് താമസിച്ചവർ. ഇവരുടെ എമിറേറ്റ്സ് ഐഡി സാധുത ഇവർ യു എ ഇയിൽ നിന്ന് മടങ്ങിയ തീയതിക്ക് ശേഷമാണ് അവസാനിക്കുന്നതെങ്കിൽ ഇത്തരക്കാർക്ക് ഈ പിഴ ഒഴിവാക്കുന്നതാണ്.
- ഔദ്യോഗിക ഉത്തരവ് പ്രകാരം യു എ ഇയിൽ നിന്ന് നാട് കടത്തപ്പെട്ടവരുടെ ഐഡി സാധുത അവസാനിക്കുന്ന പശ്ചാത്തലത്തിൽ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുള്ളവർക്കാണ് ഈ ഇളവ് ലഭിക്കുന്നത്.
- യു എ ഇ പൗരത്വം ലഭിക്കുന്നതിനെടുക്കുന്ന കാലയളവിൽ ഐഡി കാർഡ് ലഭിക്കാത്തവർ.
എമിറേറ്റ്സ് ഐഡി കാലാവധി അവസാനിക്കുന്ന തീയതിക്ക് 30 ദിവസത്തിനുള്ളിൽ ഇവ പുതുക്കാത്തവർക്ക് കാലതാമസം വരുന്ന ഓരോ ദിവസത്തേക്കും 20 ദിർഹം വെച്ച് (പരമാവധി 1000 ദിർഹം വരെ) പിഴ ചുമത്തുന്നതാണ്. മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് ഈ പിഴ ഒഴിവാക്കുന്നതിനായുള്ള അപേക്ഷകൾക്ക് പ്രത്യേക ഫീസുകൾ ചുമത്തുന്നതല്ല.