യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

GCC News

ഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 നവംബർ 30-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലൈസൻസ് നൽകിയ വർഷം കണക്കിലെടുക്കാതെ തന്നെ ഒക്ടോബർ, നവംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള മുഴുവൻ സ്ഥാപനങ്ങളും 2024 നവംബർ 30-ന് മുൻപായി തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമയബന്ധിതമായി ഈ നടപടികൾ പൂർത്തിയാക്കാത്തവർക്ക് പിഴ ചുമത്തുന്നതാണെന്ന് FTA കൂട്ടിച്ചേർത്തു.

2024 മാർച്ച് 1-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള ‘3/ 2024’ എന്ന FTA തീരുമാന പ്രകാരം കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് പ്രധാനമാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.