ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ട് യു എ ഇ അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണത്തിനൊരുങ്ങുന്നതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. ഈ പര്യവേഷണത്തിന്റെ ഭാഗമായി പൂർണ്ണമായും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിർമ്മിക്കുന്ന ഒരു ചെറു ചന്ദ്രയാത്ര പേടകം ചന്ദ്രോപരിതല പഠനങ്ങൾക്കായി വിക്ഷേപിക്കപ്പെടുന്നതാണ്.
ഷെയ്ഖ് റഷീദ് ബിൻ സയീദ് അൽ മക്തൂമിന്റെ സ്മരണയ്ക്കായി, റഷീദ് എന്ന് പേരിട്ടിരിക്കുന്ന ഈ ചന്ദ്രയാത്ര പേടകത്തിന്റെ നിർമ്മാണം നിലവിൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നടന്നു കൊണ്ടിരിക്കുകയാണ്. 2022-ഓടെ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ ചന്ദ്രയാത്ര പേടകം തുടർന്ന് ഒരു വർഷം സമഗ്രമായി പരിശോധനകൾക്ക് വിധേയമാക്കുന്നതാണ്. 2024-ലാണ് നിലവിൽ ഈ ചാന്ദ്രപര്യവേഷണ പദ്ധതിയുടെ വിക്ഷേപണം പ്രഖ്യാപിച്ചിട്ടുള്ളത്.
ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന റഷീദ് ചന്ദ്രയാത്ര പേടകം തുടർന്ന് ചന്ദ്രന്റെ മധ്യരേഖയോട് ചേർന്ന, ഇതുവരെ നിരീക്ഷണപഠനങ്ങൾക്ക് വിധേയമാകാത്ത പ്രദേശങ്ങൾ സമഗ്രമായി പഠിക്കുന്നതാണ്. ചന്ദ്രോപരിതലത്തിനു ചുറ്റും കാണുന്ന പ്ലാസ്മ ആവരണത്തെ സവിസ്തരം അപഗ്രഥിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളും (Langmuir probe) ഈ പേടകത്തിൽ ഒരുക്കുന്നുണ്ടെന്നാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
ചന്ദ്രോപരിതലത്തിൽ സാധ്യമായ സഞ്ചാര സൗകര്യങ്ങളെ കുറിച്ചും ഈ പദ്ധതിയിൽ പഠനങ്ങൾ ഉണ്ടാകുന്നതാണ്. ചന്ദ്രോപരിതലത്തിൽ നിന്നുള്ള സമഗ്രമായ ദൃശ്യങ്ങൾ പകർത്തുന്നതിനുള്ള രണ്ട് കാമറകൾ, മൈക്രോസ്കോപിക് കാമറ സംവിധാനങ്ങൾ, തെർമൽ കാമറകൾ, പേടകത്തിന്റെ സഞ്ചാരങ്ങൾ 3D ദൃശ്യങ്ങളിൽ പകർത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഈ ചന്ദ്രയാത്ര പേടകത്തിൽ ഒരുക്കുന്നുണ്ട്.
അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേഷണ ദൗത്യത്തിനു തുടക്കം കുറിച്ച് കൊണ്ട് യു എ ഇ നേരത്തെ ഹോപ്പ് ബാഹ്യാകാശപേടകത്തിനെ ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരി 9-ന്, വൈകീട്ട് 7:42-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ്.