യു എ ഇ: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി ഒരു മാസമാക്കി കുറച്ചു

featured GCC News

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരുടെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി ആറ് മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. 2024 സെപ്റ്റംബർ 24-നാണ് ICP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിനാണ് ഈ നടപടി. ഇതോടെ ആറ് മാസത്തിൽ താഴെ മാത്രം പാസ്സ്‌പോർട്ട് സാധുതാ കാലാവധി ബാക്കിയുള്ള ഇത്തരം പ്രവാസികൾക്കും അപേക്ഷകൾ നൽകികൊണ്ട് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുന്നതാണ്.

യു എ ഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് 2024 സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഉപയോഗിച്ച് കൊണ്ട് തങ്ങളുടെ റെസിഡൻസി രേഖകൾ പുതുക്കുന്നതിനും, റെസിഡൻസി സ്റ്റാറ്റസ് ശരിപ്പെടുത്തുന്നതിനും, ആവശ്യമെങ്കിൽ പിഴ കൂടാതെ നിയമാനുസൃതമായി തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനും അവസരം ലഭിക്കുന്നു. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി പ്രഖ്യാപിച്ചിരുന്ന നിബന്ധനകളിലൊന്നായ ആറ് മാസത്തെ ചുരുങ്ങിയ പാസ്സ്‌പോർട്ട് സാധുത കാലാവധി എന്നതിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.

നേരത്തെ ആറ് മാസത്തിൽ താഴെ പാസ്സ്‌പോർട്ട് സാധുത ബാക്കിയുള്ളവർക്ക് തങ്ങളുടെ പാസ്സ്‌പോർട്ട് പുതുക്കിയ ശേഷം മാത്രമായിരുന്നു പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നത്.