യു എ ഇ: വിസയുമായി ബന്ധപ്പെട്ട പതിനഞ്ച് തരം സേവനങ്ങളും, നടപടിക്രമങ്ങളും നവീകരിച്ചതായി ICP

GCC News

രാജ്യത്തെ വിസ, എൻട്രി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പതിനഞ്ചോളം സേവനങ്ങളും, നടപടിക്രമങ്ങളും നവീകരിച്ചതായി യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. 2023 ഫെബ്രുവരി 15-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, യു എ ഇ വിസ, എൻട്രി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പതിനഞ്ചോളം നവീകരിച്ച സേവനങ്ങൾ ICP അതിന്റെ സ്മാർട്ട് ചാനൽ സംവിധാനങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ താഴെ പറയുന്ന സേവനങ്ങളും, നടപടിക്രമങ്ങളും ഉൾപ്പെടുന്നു:

  • ടൂറിസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് 60 അല്ലെങ്കിൽ 180 ദിവസം വരെ സാധുതയുള്ള സിംഗിൾ/ മൾട്ടി എൻട്രി ഗ്രൂപ്പ് ഫാമിലി വിസകൾ അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങൾ.
  • 90 ദിവസത്തെ സാധുതയുള്ള വിസകളുടെ സാധുത 30 ദിവസത്തേക്ക് നീട്ടി നൽകാൻ അനുവദിക്കും.
  • ആറ് മാസത്തിലധികം സാധുത ബാക്കി നിൽക്കുന്ന റെസിഡൻസി വിസകൾ മുൻകൂറായി പുതുക്കുന്നതിനുള്ള അപേക്ഷകൾ അനുവദിക്കുന്നതല്ല.
  • വ്യക്തികളുടെ അക്കൗണ്ടുകളിലൂടെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും വിസിറ്റ് വിസ കാലാവധി (സിംഗിൾ/ മൾട്ടി എൻട്രി) 30 അല്ലെങ്കിൽ 60 അല്ലെങ്കിൽ 90 ദിവസത്തേക്ക് നീട്ടുന്നതിനുള്ള സേവനം ഉൾപ്പെടുത്തി.
  • വ്യക്തികളുടെ അക്കൗണ്ടുകളിലൂടെ വിസയുടെ പ്രീ-എൻട്രി വാലിഡിറ്റി നീട്ടുന്നതിനുള്ള സേവനം ഉൾപ്പെടുത്തി.
  • വിസ, റെസിഡൻസി വിവരങ്ങൾ പ്രിന്റ് ചെയ്യുന്നതിനുള്ള സേവനങ്ങൾ.
  • അപേക്ഷകളുമായി ബന്ധപ്പെട്ട് ഫിനാൻഷ്യൽ രസീതിൽ പുതിയതായി ഒരു റഫറൻസ് നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവീകരിച്ച ഈ സേവനങ്ങൾ 2023 ഫെബ്രുവരി 1 മുതൽ ICP-യുടെ സ്മാർട്ട് സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് പ്രവാസികൾ, സന്ദർശകർ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.

WAM