യു എ ഇ: വ്യാജ സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പുമായി ICP

featured GCC News

അതിവേഗ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ സേവനദാതാക്കളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ICP) മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 28-നാണ് ICP ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ICP-യുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അപേക്ഷിക്കുന്ന ഉപഭോക്താക്കൾ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരം സേവനങ്ങൾ വാഗ്‌ദാനം ചെയ്ത് കൊണ്ട് അനധികൃത ഓഫീസുകളോ കമ്പനികളോ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് മറുപടി നൽകുന്നതിനെതിരെ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ICP-യുടെ സേവനങ്ങൾ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, അംഗീകൃത സേവന കേന്ദ്രങ്ങൾ, ടൈപ്പിംഗ് ഓഫീസുകൾ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകൾ വഴിയാണ് ലഭ്യമാക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

കുറഞ്ഞ നടപടിക്രമങ്ങളോടെ വേഗതയേറിയ സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുന്ന ഓഫീസുകൾക്കോ കമ്പനികൾക്കോ അതോറിറ്റി ഇതിനുള്ള അനുമതികളോ, പ്രത്യേക ആനുകൂല്യങ്ങളോ സൗകര്യങ്ങളോ നൽകിയിട്ടില്ലെന്ന് ICP വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ ഉപഭോക്താക്കളിൽ നിന്ന് ഔദ്യോഗിക അനുമതിയില്ലാതെ പണം തട്ടിയെടുക്കുന്നതിന് ലക്ഷ്യമിടുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ICP കൂട്ടിച്ചേർത്തു.

അമിത ഫീസ് ഈടാക്കി കൊണ്ട് നിയന്ത്രണങ്ങളോ അംഗീകൃത മാനദണ്ഡങ്ങളോ പാലിക്കാതെ സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുമെന്ന് അവകാശപ്പെടുന്ന സോഷ്യൽ മീഡിയയിലെയും വെബ്‌സൈറ്റുകളിലെയും ഇത്തരം അക്കൗണ്ടുകളുടെ നിയമവിരുദ്ധ പ്രവർത്തനരീതികളെക്കുറിച്ച് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനായി വഞ്ചനാപരമായ പരസ്യ തന്ത്രങ്ങളെ ആശ്രയിക്കുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി.

ഇത് അതോറിറ്റിയുടെ പ്രശസ്തിയെ നശിപ്പിക്കുകയും സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുകയും സേവന വിതരണത്തിലെ ന്യായവും സുതാര്യതയും ദുർബലപ്പെടുത്തുന്ന ഒരു കരിഞ്ചന്തയുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന് ICP ചൂണ്ടിക്കാട്ടി.