യു എ ഇ: സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

GCC News

സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എംബസി ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകൾ, മറ്റു സൈബർ തട്ടിപ്പുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇയിലെ ഇന്ത്യൻ പ്രവാസികളോട് എംബസി ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകൾക്കിരയാകുന്നത് ഒഴിവാക്കുന്നതിനുള്ള ഏതാനം മുൻകരുതൽ നിർദ്ദേശങ്ങളും എംബസി നൽകിയിട്ടുണ്ട്:

  • തീർത്തും നിസ്സാരമായ ജോലികൾ ചെയ്ത് കൊണ്ട് എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന രീതിയിലുള്ള തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാകാതിരിക്കുക. ഇത്തരം തട്ടിപ്പുകൾ ഇരകളുടെ വിശ്വാസം നേടുന്നതിനായി ചെറിയ പ്രതിഫലങ്ങൾ മുൻകൂറായി നൽകുന്ന രീതിയിലാണ് നടക്കുന്നതെന്നതിനാൽ ജാഗ്രത പുലർത്തേണ്ടതാണ്.
  • തട്ടിപ്പുകാർ സാധാരണയായി മുൻകൂറായി വലിയ തുകകൾ നിക്ഷേപമെന്ന രീതിയിൽ ആവശ്യപ്പെടാറുണ്ട്.
  • തീർത്തും അവിശ്വസനീയമായ വാഗ്ദാനങ്ങൾ വിശ്വസിക്കുന്നത് ഒഴിവാക്കുക.
  • തൊഴിൽ വിവരങ്ങളിൽ സുതാര്യതയില്ലാതിരിക്കുന്ന സാഹചര്യങ്ങളിൽ തട്ടിപ്പ് നടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
  • സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നത് ജാഗ്രതയോടെ കാണേണ്ടതാണ്.
  • തൊഴിൽ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുൻപായി കമ്പനിയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കേണ്ടതാണ്.
  • അപരിചിതർ, തീർത്തും വിശ്വസിക്കാനാകാത്തതായ വെബ്സൈറ്റുകൾ എന്നിവർക്ക് സ്വകാര്യ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുക.
  • തട്ടിപ്പാണെന്ന് സംശയം തോന്നുന്ന അവസരത്തിൽ തന്നെ ഇത്തരം വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരുമായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
  • ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് ഉപയോഗിച്ചോ, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയോ ഇത്തരം പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.