യു എ ഇ: പുതിയ അഞ്ച്, പത്ത് ദിർഹം പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കി

featured GCC News

സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ രണ്ട് പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അഞ്ച്, പത്ത് ദിർഹം മൂല്യമുള്ള ഈ കറൻസി നോട്ടുകൾ പോളിമർ മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

ഉയർന്ന സാങ്കേതികവിദ്യ, ശക്തമായ സുരക്ഷാ മുൻകരുതലുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ഈ പോളിമർ നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. യു എ ഇ ദേശീയ കറൻസിയുടെ മൂന്നാം പതിപ്പിൽപ്പെടുന്നതാണ് ഈ പുതിയ ബാങ്ക് നോട്ടുകൾ.

സാമ്പത്തിക, വാണിജ്യ മേഖലകളിൽ അടുത്ത അമ്പത് വർഷത്തിനിടയിൽ നടപ്പിലാക്കുന്ന രാജ്യത്തിന്റെ ദർശനങ്ങളുടെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (CBUAE) ഈ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ അമ്പത് ദിർഹത്തിന്റെ ഒരു പോളിമർ ബാങ്ക് നോട്ട് CBUAE പുറത്തിറക്കിയിരുന്നു.

CBUAE മുന്നോട്ട് വെക്കുന്ന സുസ്ഥിരതാ നയത്തിന്റെ ഭാഗമായി ഈ പുതിയ 5, 10 ദിർഹം ബാങ്ക് നോട്ടുകൾ പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ രീതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ നോട്ടുകൾ പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ്. ഇവ പ്രചാരത്തിൽ പരമ്പരാഗത നോട്ടുകളേക്കാൾ രണ്ടോ അതിലധികമോ മടങ്ങ് നീണ്ടുനിൽക്കുന്നതാണ്.

ഈ നോട്ടുകളിൽ യു എ ഇയുടെ സ്ഥാപക പിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഛായാചിത്രം ഒരു സുതാര്യമായ പ്രതലത്തിൽ മുദ്രണം ചെയ്തിരിക്കുന്നു. ഇതിന് പുറമെ യു എ ഇ നാഷൻ ബ്രാൻഡ്, നൂതന ഇന്റാഗ്ലിയോ പ്രിന്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഫ്ലൂറസെന്റ് ഡ്രോയിംഗുകൾ, ലിഖിതങ്ങൾ എന്നിവയും ഈ നോട്ടുകളുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള അഞ്ച്, പത്ത് ദിർഹം നോട്ടുകളുടെ അതേ നിറങ്ങൾ ഉപയോഗിച്ചാണ് ഈ നോട്ടുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. പുതിയ അഞ്ച് ദിർഹം നോട്ടിന്റെ മുൻവശത്ത് ‘അജ്‌മാൻ ഫോർട്ട്’, പുറക് വശത്ത് റാസ് അൽ ഖൈമയിലെ ധായാഹ് ഫോർട്ട് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

New Five Dirham Polymer Banknote, UAE. Source: WAM.

പുതിയ പത്ത് ദിർഹം ബാങ്ക് നോട്ടിന്റെ മുൻവശത്ത് മധ്യഭാഗത്തായി ഷെയ്ഖ് സായിദ്‌ ഗ്രാൻഡ് മോസ്കിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഈ നോട്ടിന്റെ പുറക് വശത്ത് ഷാർജയിലെ ഖോർഫക്കാൻ ആംഫിതീയറ്ററിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

New Ten Dirham Polymer Banknote, UAE. Source: WAM.

കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്കായി ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ ചിഹ്നങ്ങൾ ഈ നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഞ്ച് ദിർഹം ബാങ്ക് നോട്ട് 2022 ഏപ്രിൽ 21 മുതലും, പത്ത് ദിർഹം ബാങ്ക് നോട്ട് 2022 ഏപ്രിൽ 26 മുതലും പ്രചാരത്തിൽ വരുന്നതാണ്. നിലവിൽ പ്രചാരത്തിലുള്ള ഇതേ മൂല്യമുള്ള പേപ്പർ ബാങ്ക് നോട്ടിനൊപ്പം ഈ പുതിയ പോളിമർ ബാങ്ക് നോട്ടുകൾ ഉപയോഗിക്കാമെന്ന് CBUAE വ്യക്തമാക്കിയിട്ടുണ്ട്.

യു എ ഇയുടെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പോളിമർ ഉപയോഗിച്ച് നിർമ്മിച്ച ഒരു പുതിയ 50 ദിർഹത്തിന്റെ ബാങ്ക് നോട്ട് 2021 ഡിസംബർ 7-ന് പുറത്തിറക്കിയിരുന്നു. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഈ 50 ദിർഹം ബാങ്ക് നോട്ട് യു എ ഇയിൽ വിതരണം ചെയ്യുന്ന ഇത്തരത്തിലെ ആദ്യത്തെ ബാങ്ക് നോട്ടായിരുന്നു.

WAM