യു എ ഇ: വിനോദസഞ്ചാരികൾക്കായുളള ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതി ആരംഭിച്ചു

featured GCC News

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഡിജിറ്റൽ VAT-റീഫണ്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. പ്ലാനറ്റ് ടാക്സ് ഫ്രീ എന്ന സ്ഥപനവുമായി ചേർന്നാണ് FTA ഈ 100 ശതമാനവും ഡിജിറ്റൽ രീതിയിലുള്ള VAT-റീഫണ്ട് പദ്ധതി നടപ്പിലാക്കുന്നത്.

2022 സെപ്റ്റംബർ 14-ന് വൈകീട്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച്ച നടന്ന ഒരു സംയുക്ത പത്രസമ്മേളനത്തിലാണ് FTA ഇക്കാര്യം പ്രഖ്യാപിച്ചത്.

Source: WAM.

FTA ഡയറക്ടർ ജനറൽ ഖാലിദ് അൽ ബുസ്താനി, പ്ലാനറ്റ് ടാക്സ് ഫ്രീ ജനറൽ മാനേജർ ഇയാദ് അൽ കുർദി എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു. യു എ ഇലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള ടാക്സ് റീഫണ്ട് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല പ്ലാനറ്റ് ടാക്സ് ഫ്രീയ്ക്കാണ്.

രാജ്യത്തെ ചില്ലറവില്പനശാലകളെയും, ടാക്സ് റീഫണ്ട് സംവിധാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി വ്യാപാരശാലകളിൽ നിന്ന് വിനോദസഞ്ചാരികൾക്ക് ഡിജിറ്റൽ മാർഗത്തിലൂടെ ഇൻവോയ്‌സ്‌ ബില്ലുകൾ നൽകുന്നതിനും, അവയിൽ മാറ്റങ്ങൾ വരുത്തുന്നതിനും, സൂക്ഷിച്ച് വെക്കുന്നതിനും അവസരമൊരുക്കുന്നു. ടൂറിസ്റ്റുകൾക്ക് ഈ പദ്ധതിയിലൂടെ യു എ ഇയിലെ വാണിജ്യസ്ഥാപനങ്ങളുമായി സുഗമമായി പണമിടപാടുകൾ നടത്തുന്നതിനും, സാധനങ്ങൾ വാങ്ങുന്നതിനും, ഇതിന് ലഭിക്കുന്ന ബില്ലുകൾ പ്ലാനറ്റ് ടാക്സ് ഫ്രീയുടെ സംവിധാനത്തിലേക്ക് നേരിട്ട് പങ്ക് വെക്കുന്നതിനും സാധിക്കുന്നതാണ്. ഇതോടെ വിനോദസഞ്ചാരികൾക്ക് ടാക്സ്-റീഫണ്ട് ലഭിക്കുന്നതിനായി പ്രിന്റ് ചെയ്ത ബില്ലുകളുടെ ഉപയോഗം ഒഴിവാക്കാനാകുന്നതാണ്.

രാജ്യത്തെ അനേകം ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ, മാളുകൾ, മറ്റു ചില്ലറവ്യാപാരശാലകൾ തുടങ്ങിയവയെ ഈ ഇലക്ട്രോണിക് ടാക്സ് റീഫണ്ട് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും, രാജ്യത്ത് നിന്ന് തിരികെ മടങ്ങുന്ന അവസരത്തിൽ വിനോദസഞ്ചാരികൾക്ക് എയർപോർട്ടുകളിൽ ലഭ്യമാക്കിയിട്ടുള്ള സ്വയം പ്രവർത്തിപ്പിക്കാവുന്ന നൂറിലധികം കിയോസ്കുകളിലൂടെ ടാക്സ് റീഫണ്ട് നേടാവുന്നതാണെന്നും പ്ലാനറ്റ് ടാക്സ് ഫ്രീ ജനറൽ മാനേജർ ഇയാദ് അൽ കുർദി ഈ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

“വിനോദസഞ്ചാരികൾക്ക് തീർത്തും ലളിതവും, ഫലപ്രദമായതുമായ ടാക്സ്-റീഫണ്ട് അനുഭവം നൽകുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.”, FTA ഡയറക്ടർ ജനറൽ ഖാലിദ് അൽ ബുസ്താനി അറിയിച്ചു. “ഈ വർഷത്തെ കണക്കുകൾ പ്രകാരം ടൂറിസ്റ്റ് VAT റീഫണ്ട് ഇടപാടുകളുടെ എണ്ണത്തിൽ 104.15 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ലെ ആദ്യ എട്ട് മാസങ്ങളിൽ ആകെ 1.13 ദശലക്ഷം ടാക്സ്-റീഫണ്ട് ഇടപാടുകളാണ് നടന്നത്. എന്നാൽ ഈ വർഷത്തെ ആദ്യത്തെ എട്ട് മാസങ്ങളിൽ ടാക്സ്-റീഫണ്ട് ഇടപാടുകളുടെ എണ്ണം ഇരട്ടിയായി 2.31 ദശലക്ഷത്തിലെത്തിയിട്ടുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

100 ശതമാനവും ഡിജിറ്റൽ രീതിയിലുള്ള ഈ VAT-റീഫണ്ട് പദ്ധതി നടപ്പിലാകുന്നതോടെ ഏതാണ്ട് 3.5 ദശലക്ഷത്തോളം പേപ്പർ ബില്ലുകളുടെ ഉപയോഗം ഒഴിവാക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

WAM