യു എ ഇ: അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി; 18 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ രേഖകൾ ഉൾപ്പെടുത്തി

featured GCC News

വാക്സിനേഷനും മറ്റ് സൗകര്യങ്ങൾക്കുമായുള്ള യു എ ഇയുടെ ദേശീയ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോമായ അൽ ഹൊസൻ ആപ്പിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അൽ ഹൊസൻ ആപ്ലിക്കേഷന്റെ നവീകരിച്ച പതിപ്പിലെ വിവിധ സേവനങ്ങൾ വിശദീകരിച്ച് കൊണ്ട് യു എ ഇ ആരോഗ്യ മന്ത്രാലയം ദുബായിൽ ഒരു പ്രത്യേക പത്രസമ്മേളനം നടത്തിയിരുന്നു. പബ്ലിക് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻഡ്, ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് വകുപ്പ് ഡയറക്ടർ ഡോ. നദ ഹസ്സൻ അൽ മാർസൂഖി എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Source: WAM.

യുവതലമുറയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള സുപ്രധാന ഫീച്ചറുകൾ ചേർത്ത് മെച്ചപ്പെടുത്തിയ ഈ പതിപ്പ് ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതാണ്. അൽ ഹൊസൻ ആപ്പിന്റെ നവീകരിച്ച പതിപ്പിൽ കുട്ടികളുടെ ജനനം മുതൽ 18 വയസ്സുവരെയുള്ള സമഗ്രമായ വാക്സിനേഷൻ രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി കുട്ടികളുടെ വാക്സിനേഷന്റെ തോത് ഉയർത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുട്ടികളുടെ വാക്സിനേഷൻ രേഖകൾ വേഗത്തിൽ ലഭിക്കുന്നതിനും, എല്ലാ തരത്തിലുള്ള വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും കുടുബങ്ങൾക്ക് ഏറെ സഹായകമാണ് ഈ പുതിയ ആപ്പ്. വാക്സിനേഷനുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയിലുള്ള പേപ്പർ രേഖകൾ ഒഴിവാക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു.

സാംക്രമിക രോഗങ്ങൾക്കെതിരായ പ്രതിരോധ നടപടികളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനാണ് ഈ നീക്കം. സജീവമായ ആരോഗ്യ സംരക്ഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും ആപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ക്ലൗഡിൽ ലോഡ് ചെയ്‌തിരിക്കുന്ന അൽ ഹൊസൻ ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് , നാഷണൽ യൂണിഫൈഡ് മെഡിക്കൽ റെക്കോർഡിന്റെ (NUMR) അവിഭാജ്യ ഘടകമായ ‘റിയാത്തി’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

അൽ ഹൊസൻ ആപ്പിൽ വ്യക്തികളുടെ COVID-19 രോഗം സംബന്ധിച്ച സ്റ്റാറ്റസ് രേഖപ്പെടുത്തുന്ന നടപടികൾ യു എ ഇ നിർത്തലാക്കുന്നതായി അധികൃതർ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അൽ ഹൊസൻ ആപ്പിന്റെ നവീകരിച്ച പതിപ്പിൽ വ്യക്തിയുടെ COVID-19 രോഗാവസ്ഥ ഇനി മുതൽ ലഭ്യമാകുന്നതല്ല.

അൽ ഹൊസൻ ആപ്പിന്റെ പുതിയ പതിപ്പ് വാക്സിനേഷൻ രേഖകൾ പരിശോധിക്കുന്നതിനായി സ്‌കൂളുകളിൽ നിർബന്ധമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

WAM