യു എ ഇ: 2024-ന്റെ ആദ്യ പകുതിയിൽ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തി

featured GCC News

2024-ന്റെ ആദ്യ പകുതിയിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൽ 11.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഉപരാഷ്ട്രപതിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. 2024 ഓഗസ്റ്റ് 25-ന് യു എ ഇ സർക്കാർ മീഡിയ ഓഫീസ് ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, 2024-ലെ ആദ്യ ആറ് മാസങ്ങളിലെ കണക്കുകൾ പ്രകാരം യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 1.395 ട്രില്യൺ ദിർഹം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.2% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

“2031-ഓടെ യു എ ഇയുടെ വിദേശ വ്യാപാരം വാർഷികാടിസ്ഥാനത്തിൽ 4 ട്രില്യൺ ദിർഹത്തിലെത്തിക്കുമെന്ന് ഞങ്ങൾ വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു. അന്ന് അത് വളരെ വലിയ വെല്ലുവിളി നിറഞ്ഞ ഒരു ലക്ഷ്യമായാണ് കരുതിയിരുന്നത്. എന്നാൽ 2024-ലെ ആദ്യ പകുതിയിലെ കണക്കുകൾ ഈ ലക്‌ഷ്യം സാധ്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.”, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

“2019-ലെ മഹാമാരിയ്ക്ക് മുൻപ് വാർഷികാടിസ്ഥാനത്തിൽ ഞങ്ങൾ കയറ്റുമതി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ വ്യാപാരമാണ് ഇപ്പോൾ കേവലം ഈ ആറ് മാസങ്ങളിൽ കൈവരിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഞങ്ങളുടെ എണ്ണ ഇതര വിദേശ വ്യാപാരം 3 ട്രില്യൺ ദിർഹം എന്ന ലക്‌ഷ്യം കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളുമായുള്ള യു എ ഇയുടെ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമായതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാരം പത്ത് ശതമാനവും, തുർക്കിയുമായുള്ള വ്യാപാരം പതിനഞ്ച് ശതമാനവും, ഇറാഖുമായുള്ള വ്യാപാരം നാല്പത്തൊന്ന് ശതമാനവും വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.