യു എ ഇ വിദേശകാര്യ സഹമന്ത്രി നൗറ അൽ കാബി യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച്ച നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജി20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിൽ അവർ ഇന്ത്യയെ അഭിനന്ദനം അറിയിച്ചു. സാമ്പത്തിക മേഖലയിലെയും, പരിസ്ഥിതി സംരക്ഷണ മേഖലയിലെയും ആഗോള പ്രാധാന്യമുള്ള വിഷയങ്ങൾക്ക് പ്രതിവിധി കണ്ടെത്തുന്നതിനായുള്ള അന്താരാഷ്ട്ര പരിശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിലും, ഇതിന് വഴികാട്ടുന്നതിലും ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ നൗറ അൽ കാബി അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ഈ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. ഇന്ത്യയും, യു എ ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ, ശക്തമായ സൗഹൃദം എന്നിവ ഇരുവരും പ്രത്യേകം എടുത്ത് കാട്ടി.
സംസ്കാരം, പുനരുപയോഗ ഊർജ്ജം, ആരോഗ്യപരിചരണം, ഭക്ഷ്യസുരക്ഷ, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയും, യു എ ഇയും തമ്മിലുള്ള പങ്കാളിത്തത്തിൽ കഴിഞ്ഞ ഏതാനം വർഷങ്ങളായി വലിയ പുരോഗതി ഉണ്ടായതായി നൗറ അൽ കാബി ഊന്നിപ്പറഞ്ഞു.
WAM