യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു. ഹോളോകോസ്റ്റ് സംബന്ധമായ വിദ്യാഭ്യാസം, ഡോക്യുമെന്റേഷൻ, ഗവേഷണം എന്നിവയുടെ ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട അനുസ്മരണ കേന്ദ്രമാണ് യാദ് വാഷെം.
2022 സെപ്റ്റംബർ 16-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷി, സാംസ്കാരിക യുവജന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, സഹമന്ത്രി ഡോ. അഹമ്മദ് അലി അൽ സയേഗ്, വിദേശകാര്യ, സാംസ്കാരിക, പൊതു നയതന്ത്ര, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. ഒമർ ഘോബാഷ്, ഇസ്രയേലിലെ യു എ ഇ അംബാസഡർ മുഹമ്മദ് അൽ ഖാജ എന്നിവർ ഷെയ്ഖ് അബ്ദുല്ലയെ അനുഗമിച്ചു.

ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രത്തിലെത്തിയ ഷെയ്ഖ് അബ്ദുല്ലയെയും അനുഗമ സംഘത്തെയും യാദ് വഷേം ചെയർമാൻ ദാനി ദയാൻ സ്വാഗതം ചെയ്തു. 1953-ൽ ഹോളോകോസ്റ്റിന്റെ സ്മരണയ്ക്കായി ഗവേഷണ-വിദ്യാഭ്യാസ കേന്ദ്രമായി സ്ഥാപിതമായതാണ് ഈ കേന്ദ്രം. ലൈബ്രറികളും ആർക്കൈവുകളും കൂടാതെ മ്യൂസിയങ്ങൾ, പ്രദർശനങ്ങൾ, സ്മാരകങ്ങൾ, ഗവേഷണ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനും, മാന്യമായ ജീവിതത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന ഈ ചരിത്ര സമുച്ചയത്തിന്റെ പങ്കിനെ യു എ ഇ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ, സമൂഹങ്ങളിൽ സുസ്ഥിരമായ വികസനവും സമൃദ്ധിയും കൈവരിക്കുന്നതിന് അടിസ്ഥാനമായ സഹിഷ്ണുത, സഹവർത്തിത്വം, മാനുഷിക സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ആഗോള മാർഗദർശിയായി യു എ ഇ അതിന്റെ പങ്ക് നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഹിസ് ഹൈനസ് ഊന്നിപ്പറഞ്ഞു. ഹോളോകോസ്റ്റ് ഇരകൾക്ക് ശൈഖ് അബ്ദുല്ല ആദരവ് അർപ്പിക്കുകയും അവരുടെ ഓർമ്മകൾ ശാശ്വതമാക്കാനുള്ള യാദ് വഷേമിന്റെ ലക്ഷ്യത്തെ പ്രശംസിക്കുകയും ചെയ്തു.
യു എ ഇയും ഇസ്രായേലും എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ചതിന്‍റെ രണ്ടാം വർഷം തികയുന്ന സന്ദർഭത്തിൽ ഇസ്രായേലിലെ തന്‍റെ ഔദ്യോഗിക സന്ദർശനത്തിനായി ടെൽ അവീവിലെത്തിയതായിരുന്നു ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഈ സന്ദർശനത്തിൽ ഒരു ഉന്നതതല യു എ ഇ പ്രതിനിധി സംഘം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നുണ്ട്.
സന്ദർശന വേളയിൽ യു എ ഇ-ഇസ്രായേൽ ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള സാധ്യതകളും, പരസ്‌പര ആശങ്കയുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി അദ്ദേഹം ഉന്നത റാങ്കിലുള്ള ഇസ്രായേലി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതാണ്.
WAM