മാർബർഗ് വൈറസ് രോഗബാധ: യു എ ഇ ആരോഗ്യ മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി

featured GCC News

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) ഒരു പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി. 2023 മാർച്ച് 4-ന് വൈകീട്ടാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മാർബർഗ് വൈറസ് രോഗബാധയെക്കുറിച്ച് ജാഗ്രത പുലർത്താനും, ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാനും MoHAP രാജ്യത്തെ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ രോഗബാധ തടയുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ മന്ത്രാലയം സ്വീകരിച്ചതായും MoHAP ചൂണ്ടിക്കാട്ടി.

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി MoHAP വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ഒഴികെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ മാറ്റിവെക്കാൻ MoHAP പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നവർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണമെന്ന് MoHAP ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കാനും, യാത്ര ചെയ്യുന്ന അവസരത്തിൽ കൈകളുടെ ശുചിത്വം ഉറപ്പാക്കാനും, ഗുഹകൾ, ഖനികൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനും MoHAP നിർദ്ദേശിച്ചിട്ടുണ്ട്.

ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച ശേഷം യു എ ഇയിലെത്തുന്ന യാത്രികർ ഉടൻ തന്നെ ഏറ്റവും അടുത്തുള്ള ആരോഗ്യ പരിചരണ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുകയോ, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കി സ്വയം ഐസൊലേഷനിൽ തുടരുകയോ ചെയ്യേണ്ടതാണ്. ഇവർ മാർബർഗ് വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇടങ്ങൾ സന്ദർശിച്ച വിവരം ഇത്തരം ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ ജീവനക്കാരെ അറിയിക്കേണ്ടതാണ്.

മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, ഈ രോഗബാധ സംബന്ധിച്ച ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാനും MoHAP ആഹ്വാനം ചെയ്തിട്ടുണ്ട്.

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ യു എ ഇ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

WAM