യു എ ഇ ആരോഗ്യ മന്ത്രാലയം (MoHAP) പുകവലി രഹിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളടങ്ങിയ ഒരു ഗൈഡ് പുറത്തിറക്കി. 2024 ജൂൺ 10-നാണ് MoHAP ഇക്കാര്യം അറിയിച്ചത്.
തൊഴിലിടങ്ങളിലെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, പുകയില ഒഴിവാക്കുന്നതിലൂടെ പൊതു ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് MoHAP ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രിക്കുന്നത് സംബന്ധിച്ച സമ്മേളനത്തോടുള്ള യു എ ഇയുടെ പ്രതിബദ്ധത എടുത്ത് കാട്ടുന്നതാണ് ഈ നടപടി.
മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടുബാക്കോ കണ്ട്രോൾ പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഈ ഗൈഡ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. പുകയില രഹിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, നടപടികൾ മുതലായവ ഈ ഗൈഡ് ബുക്കിൽ സമഗ്രമായി വിശദമാക്കിയിട്ടുണ്ട് .
വ്യക്തികൾക്കും, പരിസ്ഥിതിയ്ക്കും പുകവലി വരുത്തിവെക്കുന്ന ദൂഷ്യഫലങ്ങൾ, പുകവലി ഒഴിവാക്കുന്നതിലൂടെ കൈവരിക്കാനാകുന്ന നേട്ടങ്ങൾ, പുകവലി രഹിത തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിനായി മാനേജർമാർ, ജീവനക്കാർ തുടങ്ങിയവർക്ക് പിന്തുടരാവുന്ന നടപടികൾ, പുകവലി ഒഴിവാക്കുന്നതിന് ജീവനക്കാരെ സഹായിക്കുന്ന നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
WAM