ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേരു മാറ്റാൻ തീരുമാനിച്ചതായി RTA

UAE

ദുബായ് മറീന മെട്രോ സ്റ്റേഷന്റെ പേര് ശോഭ റിയൽറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓഗസ്റ്റ് 9, തിങ്കളാഴ്ച്ചയാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് മറീന മെട്രോ സ്റ്റേഷൻ പുനര്‍നാമകരണം ചെയ്യുന്നതിനുള്ള അനുമതി ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രാൻഡായ ശോഭ റിയൽറ്റിക്കാണ് നൽകിയിരിക്കുന്നതെന്ന് RTA വ്യക്തമാക്കി. ദുബായിലെ പ്രധാന ഇടങ്ങളുമായി ബന്ധപ്പെടുത്തി വാണിജ്യ ബ്രാൻഡുകൾക്ക് തങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അവസരം നൽകുന്ന നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇതേനയത്തിന്റെ അടിസ്ഥാനത്തിൽ അൽ ജഫ്‌ലിയ മെട്രോ സ്റ്റേഷൻ ‘മാക്സ് ഫാഷൻ’ എന്നും, അൽ റഷ്ദിയാ സ്റ്റേഷൻ ‘സെന്റർപോയിന്റ്’ എന്നും പുനര്‍നാമകരണം ചെയ്തതായി RTA ഓഗസ്റ്റ് 4-ന് അറിയിച്ചിരുന്നു. 2021 ഒക്ടോബർ 10 വരെയുള്ള കാലയളവിനുള്ളിൽ ഈ മെട്രോ സ്റ്റേഷനുകളുടെ പുതിയ പേരുകൾ സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുന്നതാണ്.