യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

GCC News

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2024 നവംബർ 20-നാണ് MoHRE ഇക്കാര്യം അറിയിച്ചത്.

2022 പകുതി മുതൽ 2024 നവംബർ 19 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരം സ്ഥാപനങ്ങൾ ഈ കാലയളവിൽ എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി വിവിധ നിയമലംഘനങ്ങൾ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ഈ കാലയളവിൽ 3035-ഓളം യു എ ഇ പൗരന്മാരുടെ വ്യാജ നിയമനങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ നടന്നതായി MoHRE കണ്ടെത്തിയിട്ടുണ്ട്. എമിറേറ്റൈസേഷൻ നിയമങ്ങൾ മറികടക്കുന്നതായി കണ്ടെത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

എമിറാത്തികളെ നിയമിച്ചതായി വ്യാജ രേഖകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ, ഇത്തരത്തിൽ വ്യാജമായി നിയമിക്കപ്പെട്ടതായി രേഖകൾ നിർമ്മിച്ചിട്ടുള്ള, ഓരോ എമിറാത്തി ജീവനക്കാരനും 20000 ദിർഹം മുതൽ പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും MoHRE മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.