രാജ്യത്തെ സ്ഥാപനങ്ങൾക്ക് പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള അനുമതി താത്കാലികമായി റദ്ദ് ചെയ്യപ്പെടാൻ ഇടയാക്കുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിപ്പ് നൽകി. 2022 നവംബർ 25-ന് വൈകീട്ടാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, യു എ ഇയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഔദ്യോഗിക ഉത്തരവ് ‘543/ 2022’ അനുസരിച്ച് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കുന്നത് റദ്ദ് ചെയ്യപ്പെടാനിടയാക്കുന്ന നാല് തരം നിയമലംഘനങ്ങളാണ് MoHRE ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവ താഴെ പറയുന്നു:
- മന്ത്രാലയവുമായി ബന്ധപ്പെട്ട സർവീസ് ഫീസുകൾ, അഡ്മിനിസ്‌ട്രേറ്റീവ് പിഴതുകകൾ എന്നിവ അടയ്ക്കുന്നത് സംബന്ധിച്ച് 21/ 2020 എന്ന ക്യാബിനറ്റ് തീരുമാനത്തിലെ വ്യവസ്ഥകളിൽ വരുത്തുന്ന വീഴ്ച്ചകൾ.
- ഔദ്യോഗിക ഉത്തരവ് ’44/ 2022′ അനുസരിച്ച് തൊഴിലാളികൾക്ക് ശരിയായ രീതിയിലുള്ള താമസസൗകര്യം ഒരുക്കുന്നതിലെ വീഴ്ച്ചകൾ.
- മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പെടുന്ന സ്ഥാപനങ്ങൾ.
- മന്ത്രാലയത്തിൻെറ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് നൽകിയിട്ടുള്ള ഇലക്ട്രോണിക് അനുമതികൾ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾ.