2024 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു. 2024 മെയ് 21-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളോടാണ് സമയബന്ധിതമായി അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തത്. കാബിനറ്റ് പ്രമേയത്തിന് അനുസൃതമായി, ഇത്തരം സ്ഥാപനങ്ങളിൽ പ്രൊഫഷണൽ തൊഴിലുകളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ അനുപാതം 1% വർദ്ധിപ്പിക്കുക എന്നതാണ് MoHRE നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്‌ഷ്യം.
2024-ലെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2024 ജൂൺ 30-ന് അവസാനിക്കുന്നതാണ്. ജൂലൈ 1 മുതൽ സ്ഥാപനങ്ങളിൽ ഈ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതിനകം അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുള്ള സംരംഭങ്ങളെ MoHRE പ്രശംസിച്ചു. എമിറാത്തി ജീവനക്കാരെ അംഗീകൃത പെൻഷൻ ഫണ്ടുകളിലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിലും (WPS) രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാത്ത സ്ഥാപനങ്ങളോട് എമിറാത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി നഫീസ് പോർട്ടൽ ഉപയോഗിക്കാനും MoHRE നിർദ്ദേശിച്ചിട്ടുണ്ട്.
എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1379 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി MoHRE കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
WAM