2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 23-ന് വൈകീട്ട് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ഈ മാനദണ്ഡങ്ങൾ പ്രകാരം, രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, COVID-19 വാക്സിനെടുക്കാത്തവർ ഉൾപ്പടെ, ക്ലാസുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. 2022-2023 അധ്യയന വർഷത്തിൽ യു എ ഇയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
- അധ്യാപകർ ഉൾപ്പടെയുള്ള സ്കൂൾ ജീവനക്കാർ, പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ദിവസത്തിന് മുൻപ് 96 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്.
- രാജ്യത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിനെടുക്കാത്തവർ ഉൾപ്പടെ, ക്ലാസുകളിൽ നേരിട്ടെത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
- ആരോഗ്യ കാരണങ്ങളാൽ COVID-19 വാക്സിനെടുക്കാത്ത യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് PCR ടെസ്റ്റ് നടത്തി അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിച്ച് കൊണ്ട് പ്രവേശിക്കാവുന്നതാണ്.
- അധ്യാപകർ ഉൾപ്പടെയുള്ള സ്കൂൾ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ശരീരോഷമാവ് പരിശോധിക്കുന്നതിനുള്ള നടപടികൾ ഒഴിവാക്കുന്നതാണ്. പനിയുള്ള വിദ്യാർത്ഥികൾ, ജീവനക്കാർ എന്നിവർ വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിദ്യാലായങ്ങൾക്ക് ആവശ്യമെങ്കിൽ സ്കൂൾ ബസുകളിൽ ഉൾപ്പടെ ഇത് ഏർപ്പെടുത്താവുന്നതാണ്.
- വിദ്യാലയങ്ങളിലെ അടച്ചിട്ട ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
- ഡ്രൈവർമാർ ഉൾപ്പടെയുള്ള ബസ് ജീവനക്കാർക്ക് മാസ്കുകളുടെ ഉപയോഗം, സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവ നിർബന്ധമാണ്.
- COVID-19 രോഗബാധിതരാകുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനങ്ങളിലൂടെ അധ്യയനം നേടാവുന്നതാണ്.
- COVID-19 രോഗബാധിതരാകുന്ന അധ്യാപകർക്ക് ഓൺലൈൻ സംവിധാനങ്ങളിലൂടെ അധ്യയനം നൽകാവുന്നതാണ്.