രാജ്യത്തിന്റെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ പാലിക്കേണ്ടതായ COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. നവംബർ 23-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, രാജ്യത്തുടനീളം അരങ്ങേറുന്ന അമ്പതാമത് ദേശീയ ദിനാഘോഷ പരിപാടികൾ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളവർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന COVID-19 പ്രതിരോധ നിബന്ധനകളാണ് NCEMA മുന്നോട്ട് വെച്ചിരിക്കുന്നത്:
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ആഘോഷങ്ങൾ നടക്കുന്ന വേദികളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കേണ്ടതാണ്. ഗ്രീൻ പാസ് അടിസ്ഥാനമാക്കി ബൂസ്റ്റർ ഡോസ് എടുക്കേണ്ടവർ അത് പൂർത്തിയാക്കിയിരിക്കേണ്ടതാണ്.
- ഇത്തരം വേദികളുടെ 80 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവേശനം നൽകുന്നത്.
- നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ 96 മണിക്കൂറിനിടയിൽ നേടിയ നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- ഇത്തരം വേദികളിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്.
- ആളുകൾ ഒത്ത് ചേരുന്ന മുഴുവൻ ഇടങ്ങളിലും മാസ്കുകൾ നിർബന്ധമാണ്.
- സാമൂഹിക അകലം, കൈകളുടെ ശുചിത്വം, സാനിറ്റൈസറുകളുടെ ഉപയോഗം തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഇത്തരം വേദികളിൽ ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് സാമൂഹിക അകലം പാലിക്കാതെ ഒരുമിച്ചിരിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
- മറ്റുള്ളവരെ അഭിവാദനം ചെയ്യുന്നതിനായി ഹസ്തദാനം, ആലിംഗനം തുടങ്ങിയ രീതികൾ ഒഴിവാക്കേണ്ടതാണ്.
- വലിയ ആൾക്കൂട്ടങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
- രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ആഘോഷങ്ങൾ നടക്കുന്ന പരിസരങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
Cover Photo: A file photo of National Day celebrations from 2017. [Source: Emirates News Agency.]