യു എ ഇ: ഈദുൽ ഫിത്ർ പ്രാർത്ഥനകൾ സംബന്ധിച്ച് NCEMA മാനദണ്ഡങ്ങൾ പുറത്തിറക്കി

UAE

ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുന്ന അവസരത്തിൽ നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രത്യേക അറിയിപ്പ് പുറത്തിറക്കി. മെയ് 10-ന് രാത്രിയാണ് NCEMA ഈ അറിയിപ്പ് നൽകിയത്.

COVID-19 പശ്ചാത്തലത്തിൽ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാണ് പ്രാർത്ഥനകൾ അനുവദിക്കുന്നതെന്ന് NCEMA ചൂണ്ടിക്കാട്ടി. താഴെ പറയുന്ന നിർദ്ദേശങ്ങളാണ് NCEMA ഇതുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നത്:

  • ഖുതുബ ഉൾപ്പടെ 15 മിനിറ്റ് സമയമാണ് പ്രാർത്ഥനകൾക്കായി അനുവദിക്കുന്നത്.
  • മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
  • COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയ വിഭാഗങ്ങൾ ഒരുകാരണവശാലും ഈദ് പ്രാർത്ഥനകളിൽ പങ്കെടുക്കരുത്.
  • പ്രാർത്ഥനകൾക്ക് മുൻപും, ശേഷവും ആളുകൾ കൂട്ടം ചേരുന്ന സാഹചര്യങ്ങൾ അനുവദിക്കില്ല. ഈദ് ആശംസകൾ പങ്കിടുന്നത് കൃത്യമായ സമൂഹ അകലം പാലിച്ച് കൊണ്ടായിരിക്കണം. ഹസ്തദാനം അനുവദനീയമല്ല.
  • ഈദ് പ്രാർത്ഥനകൾ പ്രത്യേകം അനുവാദമുള്ള പള്ളികളിൽ മാത്രമാണ് നടത്തുന്നത്.
  • അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരും, പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ളവരും ഈദ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് സുരക്ഷ മുൻനിർത്തി ഒഴിവാക്കേണ്ടതാണ്.
  • തിരക്കൊഴിവാക്കുന്നതിനായി, ഇത്തരം പ്രാർത്ഥനകൾക്ക് അനുമതി നൽകിയിട്ടുള്ള ഇടങ്ങളിൽ, പ്രത്യേക സുരക്ഷാ ജീവനക്കാർ പരിശോധനകൾ നടത്തുന്നതാണ്.
  • ഈദ് പ്രാർത്ഥനകൾക്ക് 15 മിനിറ്റ് മുൻപ് മാത്രമാണ് പള്ളികൾ തുറക്കുന്നത്. ഖുതുബ പൂർത്തിയാക്കിയ ഉടൻ പള്ളികൾ അടയ്ക്കുന്നതാണ്.

ഈ വർഷത്തെ ഈദുൽ ഫിത്ർ വീടുകളിൽ സ്വന്തം കുടുംബാംഗങ്ങൾക്കൊപ്പം ആഘോഷിക്കാൻ രാജ്യത്തെ നിവാസികളോട് NCEMA ആഹ്വാനം ചെയ്തിട്ടുണ്ട്.