ഈ വർഷത്തെ റമദാനിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് പുറത്തിറക്കി. റമദാൻ വേളയിൽ രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അറിയിപ്പ്.
ഏപ്രിൽ 6-ന് വൈകീട്ട് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് NCEMA ഈ അറിയിപ്പ് നൽകിയത്. റമദാനിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കുമെന്നും NCEMA അറിയിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും NCEMA വ്യക്തമാക്കി.
റമദാനിൽ താഴെ പറയുന്ന COVID-19 മാനദണ്ഡങ്ങൾ പാലിക്കാനാണ് NCEMA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്:
- എല്ലാ തരത്തിലുള്ള സാമൂഹിക ഒത്ത് ചേരലുകളും, സാമൂഹിക ചടങ്ങുകളും ഒഴിവാക്കേണ്ടതാണെന്ന് NCEMA ചൂണ്ടിക്കാട്ടി. റമദാനിൽ സാമൂഹിക സംഗമങ്ങൾ, ഒത്ത് ചേരലുകൾ, സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങളോട് NCEMA ആവശ്യപ്പെട്ടു. ബന്ധുക്കളും, സുഹൃത്തുക്കളുമായി ആശംസകളും മറ്റും പങ്ക് വെക്കുന്നതിന് ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനും NCEMA ആഹ്വാനം ചെയ്തിട്ടുണ്ട്.
- കുടുംബങ്ങൾ, സംഘടനകൾ മുതലായവരുൾപ്പടെ സംഘടിപ്പിക്കുന്ന എല്ലാ തരം റമദാൻ ടെന്റുകളും നിരോധിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും സാധാരണയായി കണ്ട് വരുന്ന വാണിജ്യ രീതിയിലുള്ള റമദാൻ ടെന്റുകൾക്കും ഈ വിലക്ക് ബാധകമാണ്.
- വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി പള്ളികൾ സന്ദർശിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ NCEMA ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളികളിലേർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കേണ്ടതാണ്.