യു എ ഇയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ COVID-19 PCR ടെസ്റ്റുകൾക്ക് ഈടാക്കുന്ന നിരക്ക് 50 ദിർഹമാക്കി നിജപ്പെടുത്തിയതായി നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഓഗസ്റ്റ് 30-ന് വൈകീട്ടാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഈ പുതുക്കിയ നിരക്ക് ബാധകമാണെന്നും NCEMA കൂട്ടിച്ചേർത്തു. പുതുക്കിയ PCR നിരക്കുകൾ 2021 ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളെ തുടർന്നാണ് PCR ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കുന്നതിനുള്ള ഈ തീരുമാനം. പരിശോധനയ്ക്കായി സ്രവം സ്വീകരിച്ച് 24 മണിക്കൂറിനകം ഇത്തരം ടെസ്റ്റുകളുടെ ഫലങ്ങൾ നൽകുന്നതിനും NCEMA ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി പരിശോധനകൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.