യു എ ഇ: COVID-19 സംബന്ധമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ NCEMA മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്തെ COVID-19 സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും, തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് യു എ ഇ നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 28-ന് NCEMA ഔദ്യോഗിക വക്താവ് ഡോ. താഹിർ അൽ അമീരിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊറോണാ വൈറസ് മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് യു എ ഇയുടെ വിവിധ മേഖലകൾ കരകയറുന്നതിനായി നടപ്പിലാക്കുന്ന നടപടികൾ തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് അദ്ദേഹം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ലഭിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഉറപ്പ് വരുത്താനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

തെറ്റായ വാർത്തകൾ വിശ്വസിക്കുന്നത് ഒഴിവാക്കുന്നതിനും, ഇത്തരം വാർത്തകൾ പങ്ക് വെക്കുന്നത് മൂലമുണ്ടാകുന്ന നിയമ നടപടികൾ ഒഴിവാക്കുന്നതിനും ആധികാരികമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം പിന്തുടരാനും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തെ COVID-19 സാഹചര്യവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും യു എ ഇ തീർത്തും സുതാര്യമായ രീതിയിൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ കൃത്യമായി പൊതുസമൂഹത്തോട് പങ്ക് വെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.