വാഹനങ്ങളുടെ ജാലകങ്ങളിൽ നിന്നും, സൺറൂഫിലൂടെയും തല പുറത്തിടരുതെന്ന് യു എ ഇയിലെ വിവിധ എമിറേറ്റുകളിലെ പോലീസ് അധികൃതർ യാത്രികർക്ക് മുന്നറിയിപ്പ് നൽകി. അബുദാബി പോലീസ്, ദുബായ് പോലീസ് എന്നിവർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ യാത്രികരെ അനുവദിക്കുന്ന ഡ്രൈവർമാർക്ക് പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം ശീലങ്ങൾ റോഡപകടങ്ങളിലേക്ക് നയിക്കുമെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് രണ്ടായിരം ദിർഹം പിഴയായി ചുമത്തുന്നതാണ്.
ഇതിന് പുറമെ ഇത്തരം വാഹനങ്ങൾ അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും, ഡ്രൈവർമാർക്ക് 23 ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ചുമത്തുമെന്നും ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്. പിടിച്ചെടുക്കപ്പെടുന്ന ഇത്തരം വാഹനങ്ങൾ വിട്ടുകിട്ടുന്നതിനായി അമ്പതിനായിരം ദിർഹം വരെ കെട്ടിവെക്കേണ്ടതായി വരുമെന്നും പോലീസ് ഓർമ്മപ്പെടുത്തി.
സമാനമായ ഒരു അറിയിപ്പ് അബുദാബി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പെട്രോൾസ് വിഭാഗം 2024 ഫെബ്രുവരി 9-ന് പങ്ക് വെച്ചിട്ടുണ്ട്. റോഡിലെ നിയമങ്ങൾ പാലിക്കാനും, പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരാനും അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Dubai Police.