യു എ ഇ: നിയമം ലംഘിച്ച് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി

UAE

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ഡ്രോൺ പറത്തുന്നതിനുള്ള ശിക്ഷകൾ വിശദീകരിച്ചു കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ജനുവരി 26-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കുറ്റകൃത്യങ്ങളുടെയും ശിക്ഷാ നിയമത്തിന്റെയും പ്രഖ്യാപനം സംബന്ധിച്ച 2021-ലെ, യു എ ഇ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 31-ന്റെ ആർട്ടിക്കിൾ 176 അനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിരോധനം ലംഘിച്ച് യു എ ഇയിലെ പ്രദേശങ്ങൾക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴയും, ആറ് മാസം മുതൽ അഞ്ച് വർഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾക്കുള്ള ശ്രമങ്ങൾക്കും തടവും, പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ആഭ്യന്തര മന്ത്രാലയം 2022 ജനുവരി 22-ന് അറിയിച്ചിരുന്നു. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം പറക്കൽ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്കും ഈ നിരോധനം ബാധകമാണ്.

WAM