യു എ ഇ: ഡ്രോൺ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ എന്നിവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി

featured GCC News

രാജ്യത്ത് ഡ്രോണുകളും ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകളും ഉൾപ്പെടെയുള്ളവയുടെ പറക്കൽ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ ഉടമകൾക്കും, പരിശീലകർക്കും, ഇത്തരം പറക്കൽ പ്രവർത്തനങ്ങളിൽ താല്പര്യമുള്ളവർക്കും ഈ നിരോധനം ബാധകമാണ്.

2022 ജനുവരി 22-ന് വൈകീട്ടാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ നിരോധനം എയർ, സെയിൽ സ്പോട്ടുകൾക്കും ബാധകമാണ്. ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഡ്രോണുകൾ, ലൈറ്റ് സ്‌പോർട്‌സ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിൽ രാജ്യത്ത് അടുത്തിടെ ദുരുപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഉപയോക്തൃ പെർമിറ്റുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള മേഖലകളിൽ ഈ കായിക ഇനങ്ങളുടെ പരിശീലനം പരിമിതപ്പെടുത്താതെയും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന മേഖലകളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുന്ന പ്രവണത റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.

പൊതുസമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതമല്ലാത്ത ദുഷ്പ്രവണതകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ എന്നിവർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ മാനിക്കാൻ വ്യക്തികളോടും സമൂഹത്തോടും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാനത്തോടെ 2022 ജനുവരി 22 ശനിയാഴ്ച മുതൽ ഇത്തരം എല്ലാത്തരത്തിലുള്ള വിമാന പ്രവർത്തനങ്ങളും നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരോധനം എത്ര കാലത്തേക്കാണെന്ന് നിലവിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടില്ല.

ഡ്രോണുകൾ ഉപയോഗിച്ചുള്ള ചിത്രീകരണത്തെ ആശ്രയിക്കുന്ന വാണിജ്യപരമോ പരസ്യമോ ​​ആയ പ്രോജക്ടുകൾ, തൊഴിൽ കരാറുകൾ എന്നിവ ഉള്ള സ്ഥാപനങ്ങൾ, ഈ കാലയളവിൽ ഇത്തരം പ്രോജക്റ്റുകളുടെ സമയത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനായി ആവശ്യമായ ഇളവുകളും, പ്രത്യേക പെർമിറ്റുകളും എടുക്കുന്നതിന് പെർമിറ്റ് അധികാരികളുമായി ആശയവിനിമയം നടത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അവഗണിച്ച് കൊണ്ട് ഈ കാലയളവിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നിയമപരമായ ബാധ്യതകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

WAM