ഒമാൻ: നിലവിലെ COVID-19 രോഗവ്യാപനം ഒമിക്രോൺ വകഭേദം മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

GCC News

രാജ്യത്ത് നിലവിൽ പ്രകടമാകുന്ന COVID-19 രോഗവ്യാപനം കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്നതാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇൻഫെക്‌ഷൻ പ്രീവെൻഷൻ ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. അമൽ ബിൻത് സൈഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജനുവരി 22-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒമാൻ ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ഡോ. അമൽ ബിൻത് സൈഫ് ഇക്കാര്യം അറിയിച്ചത്.

ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്ന രോഗവ്യാപനം വരും ദിനങ്ങളിൽ ഒമാനിൽ കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന 99 ശതമാനം COVID-19 കേസുകളിലും രോഗബാധിതരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതായും അവർ അറിയിച്ചു.

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മുൻകാലങ്ങളെ അപേക്ഷിച്ച് ഒരേസമയത്താണ് മുഴുവൻ ഗവർണറേറ്റുകളിലും രോഗവ്യാപനം തുടരുന്നതെന്നും അവർ വ്യക്തമാക്കി. ഏതാനം ഗവർണറേറ്റുകളിൽ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരുടെ ശതമാനം 25 എത്തിയതായും അവർ അറിയിച്ചു.