മാസപ്പിറവി ദൃശ്യമായില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ ഏപ്രിൽ 10-ന്

GCC News

യു എ ഇയിൽ ഈദുൽ ഫിത്ർ 2024 ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2024 ഏപ്രിൽ 8-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 ഏപ്രിൽ 8-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന്, ഏപ്രിൽ 9, ചൊവ്വാഴ്ചയായിരിക്കും റമദാനിലെ അവസാന ദിനമെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസി അറിയിച്ചിട്ടുണ്ട്. മാസപ്പിറവി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി യു എ ഇ മൂൺ സൈറ്റിംഗ് കമ്മിറ്റി ഏപ്രിൽ 8-ന് ഒത്ത്ചേർന്നിരുന്നു.

2024 ഏപ്രിൽ 10, ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്ർ എന്ന് സൗദി സുപ്രീം കോർട്ടും ഇന്ന് വൈകീട്ട് അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിൽ ഏപ്രിൽ 10-നായിരിക്കും ഈദുൽ ഫിത്ർ.