രേഖകളിലും മറ്റുമുള്ള ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നതും, കേടുവരുത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളും, നിയമം മൂലം സ്ഥാപനങ്ങൾ, മറ്റു ഇടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷയ്‌ക്കായി പതിപ്പിച്ച ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നതും രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
2022 സെപ്റ്റംബർ 25-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ ഫെഡറൽ നിയമം ‘2021/ 31’ -ലെ ആർട്ടിക്കിൾ 326 പ്രകാരം കോടതിയുടെയോ, മറ്റു അധികൃതരുടെയോ ഉത്തരവ് അനുസരിച്ച് കെട്ടിടങ്ങളിലോ, വസ്തുക്കളിലോ, കടലാസ് രേഖകളിലോ പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക മുദ്രകൾ നീക്കം ചെയ്യുന്നതും, കേടുവരുത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കും, ഇത്തരം മുദ്രകൾ പതിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവർക്കും ഒരു വർഷം വരെ തടവും, പതിനായിരം ദിർഹം പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർ ഇതിനായി ബലപ്രയോഗം നടത്തിയതായി തെളിയുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തി ഇത്തരം ഇടങ്ങളും, രേഖകളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ചുമതലയുള്ള ഗാർഡ് ആണെങ്കിൽ അവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.